
അമേരിക്കയിലേക്കുള്ള വിസ കാത്തിരിപ്പ് നീളുന്നത് ബിസിനസുകാര്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ ആശങ്കയിലാക്കുകയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കുമുള്ള ബി1,ബി2 വിസകള്‍ക്ക് ഇന്ത്യയിലെ വിവിധ അമേരിക്കന്‍ കോണ്‍സുലേറ്റുകളിലെ കാത്തിരിപ്പ് സമയം ഒരു വര്‍ഷത്തിലേറെയാണ്. മെയ് 25 ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയ വിസ അപ്പോയിന്റ്‌മെന്റ് അപ്‌ഡേറ്റ് പ്രകാരം വിവിധ കോണ്‍സുലേറ്റുകളില്‍ വിസ അനുവദിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വ്യത്യസ്തമാണ്. ബിസിനസ് ആവശ്യങ്ങള്ക്കുള്ള ബി-1 വിസ, ടൂറിസ്റ്റുകള്‍ക്കുള്ള ബി-2 വിസ, രണ്ട് ആവശ്യങ്ങള്‍ക്കും ചേര്‍ന്ന് നല്‍കുന്ന കംബൈന്‍ഡ് വിസ എന്നിവക്കാണ് ഡിമാന്റിന് അനുസരിച്ച് കാത്തിരിപ്പ് സമയം കൂടുന്നത്.
ഇന്ത്യയില്‍ ബി-1, ബി-2 വിസകള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നത് ചെന്നൈ യുഎസ് കോണ്‍സുലേറ്റിലാണ്. മുംബൈ (ഒമ്പതര മാസം), ഡല്‍ഹി (എട്ട് മാസം), ഹൈദരാബാദ് (ഏഴ് മാസം), കൊല്‍ക്കത്ത (ആറ് മാസം) എന്നിങ്ങനെയാണ് മറ്റ് കോണ്‍സുലേറ്റുകളിലെ ശരാശരി കാത്തിരിപ്പ് സമയം. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ അറിയിപ്പ് പ്രകാരം ഇന്ത്യയില്‍ വേഗത്തില്‍ ഇന്റര്‍വ്യൂ അപ്പോയിന്റ്‌മെന്റ് നല്‍കുന്നത് കൊല്‍ക്കത്ത കോണ്‍സുലേറ്റിലാണ്. അടുത്തുള്ള ലഭ്യമായ അവസരം ആറ് മാസത്തിന് ശേഷമാണ്.
മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധിക്ക് പുറമെ പ്രത്യേക സ്ലോട്ടുകളില്‍ കോണ്‍സുലേറ്റുകള്‍ ഇടവേളകളില്‍ അനുവദിക്കുന്നുണ്ട്. പെട്ടെന്ന് പോകേണ്ട ആവശ്യമുള്ളവര്‍ക്ക് ഈ സ്ലോട്ടുകള്‍ ഉപയോഗപ്പെടുത്താനാകും. ഇതിനായി കോണ്‍സുലേറ്റുകളില്‍ സാധാരണ നിലയിലുള്ള അപേക്ഷ നല്‍കിയ ശേഷം പ്രത്യേക സ്ലോട്ടുകള്‍ക്കായി കാത്തിരിക്കണം.
കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റ് സ്ഥിരമായി പരിശോധിച്ചു വേണം ഈ അവസരം കണ്ടെത്താന്‍. ഇത്തരം സ്ലോട്ടുകള്‍ ലഭിക്കുമ്പോള്‍ നേരത്തെ ലഭിച്ചിട്ടുള്ള അപ്പോയിന്റ്‌മെന്റ് ഈ സ്ലോട്ടിലേക്ക് മാറ്റണം. പ്രത്യേക സമയപരിധിക്കുള്ളില്‍ യുഎസ് സന്ദര്‍ശനം നടത്തേണ്ടതുള്ളവര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine