Begin typing your search above and press return to search.
മികച്ച ടെലികോളിംഗ് ടീമിനെ എങ്ങനെ കണ്ടെത്താം, പരിശീലിപ്പിക്കാം?
രാജ്യമെമ്പാടും ബിസിനസ് ചെയ്യുക എന്നത് മുമ്പത്തേതിനേക്കാളും പുതിയ യുഗത്തില്‍ വളരെ എളുപ്പമാണ്. കേരളത്തിന്റെ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ലോകത്തിന്റെ തന്നെ ഏത് ഭാഗങ്ങളിലേക്കും സേവനങ്ങളും ഉല്‍പ്പന്നങ്ങളും എത്തിക്കുക എന്നത് ഇന്ന് കഠിനമോ അസാധ്യമോ ആയ കാര്യമല്ല. മിക്കവാറും കമ്പനികളും ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തില്‍ നിന്നുകൊണ്ടാണ് സേവനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ഒരു നല്ല ടെലി കോളിംഗ് ടീമിനെ വാര്‍ത്തെടുക്കാനായാല്‍ ദിവസേന കിട്ടുന്ന ലീഡുകള്‍ കൃത്യമായി ഉപയോഗിച്ച് നല്ല ബിസിനസ് നടത്താന്‍ സാധിക്കും.
റിക്രൂട്ട്‌മെന്റ്
ടെലികോളിംഗിലേക്ക് ആളുകളെ അഭിമുഖം നടത്തുമ്പോള്‍, ആദ്യം ടെലിഫോണിക് ഇന്റര്‍വ്യൂ നടത്തുന്നതാണ് ഉചിതം. ഒരു കോളില്‍ തന്റെ കഴിവുകളെ കുറിച്ചും താല്‍പ്പര്യങ്ങളെ കുറിച്ചും നമ്മളെ പറഞ്ഞു മനസിലാക്കാന്‍ എത്രമാത്രം ഉദ്യോഗാര്‍ത്ഥിക്ക് സാധിക്കുന്നുണ്ട് എന്നത് ഇതിലൂടെ മനസിലാക്കാന്‍ കഴിയും. നമ്മള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നമോ സേവനമോ ചെയ്തിട്ടുള്ള പരിചയം ഉള്ളവരാണെങ്കില്‍ ട്രെയിനിംഗ് താരതമ്യേന എളുപ്പമായിരിക്കും.
ഇങ്ങനെ തിരഞ്ഞെടുത്ത ടീമിനെ ജോലികള്‍ ആരംഭിക്കുന്നതിനു മുമ്പ് കൃത്യമായി പരിശീലിപ്പിക്കണം. ഓണ്‍-ജോബ് ട്രെയിനിംഗ് കൊടുക്കുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ പേരെ മോണിറ്റര്‍ ചെയ്യാന്‍ ഒരാളെ വെയ്ക്കേണ്ടതാണ്.
സ്‌ക്രിപ്റ്റും FAQഉം
കൃത്യമായ ഒരു സ്‌ക്രിപ്റ്റ് പല ഭാഷകളില്‍ ആവശ്യമനുസരിച്ച് തയാറാക്കി വെയ്ക്കണം. ഒരു ഉപഭോക്താവിനെ ആദ്യം അഭിസംബോധന ചെയ്യേണ്ടത് എങ്ങനെയെന്ന് തുടങ്ങി കോള്‍ അവസാനിപ്പിക്കുന്നത് വരെയുള്ള ഒരു രൂപം ഈ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരിക്കണം. വിളിക്കുന്ന ആള്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്ക് നല്‍കാന്‍ പറ്റിയ നല്ല മറുപടികളും FAQ ആയി തയാറാക്കി നല്‍കണം.
അഞ്ച് പേരുള്ള ഒരു ടീമിന് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയിലാണ് സാധാരണ ടീം സെറ്റ് ചെയ്യാറുള്ളത്. സൂപ്പര്‍വൈസര്‍ ഇവരോടൊപ്പം ഇരുന്ന് കോളുകള്‍ ശ്രദ്ധിക്കുകയും അവരെ ഗൈഡ് ചെയ്യുകയും വേണം.
ഇതിന് പുറമെ സ്ഥിരമായി കോള്‍ റെക്കോഡിംഗുകള്‍ കേട്ട് ഇവര്‍ക്കു വേണ്ട ഫീഡ്ബാക്കുകളും തിരുത്തലുകളും നല്‍കണം. ഫോളോഅപ്പ് ചെയ്യേണ്ട കോളുകള്‍ കൃത്യമായി മനസിലാക്കി അത് നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ടീമിനെ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ മോട്ടിവേറ്റ് ചെയ്ത് നിര്‍ത്തുന്നതും ടീം ലീഡേഴ്സ് തന്നെയാണ്. സ്വന്തമായി ഒരു ടീമിനെ വാര്‍ത്തെടുത്ത് അത് നിലനിര്‍ത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഈ സേവനം ഔട്ട്സോഴ്സ് ചെയ്യാവുന്നതാണ്. ഒരു സീറ്റിന് 30,000 മുതല്‍ 40,000 രൂപ പ്രതിമാസ ചെലവില്‍ ഈ സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ കേരളത്തിലും പുറത്തും ഉണ്ട്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ടെലികോളിംഗ് മോഡലില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സ്ഥിര സംവിധാനം സൃഷ്ടിച്ചെടുക്കുകയാണ് ഉത്തമം.
Next Story
Videos