

വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോകുമ്പോള്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കേണ്ടി വരാറുണ്ടോ? ലൈസന്‍സ് ഇല്ലാത്തതിനാല്‍ നിങ്ങള്‍ പിന്‍മാറാറുണ്ടോ? ഈ പെര്‍മിറ്റ് കയ്യിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏത് വിദേശ രാജ്യത്തും ധൈര്യമായി വാഹനം ഓടിക്കാം. ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിദേശത്ത് പോകുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന പ്രത്യേക ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് സ്വന്തമാക്കാം. നാട്ടിലെ ആര്‍.ടി ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ദിവസങ്ങള്‍ക്കകം ഇത് ലഭിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഏറെ കാലമായി ഈ പെര്‍മിറ്റ് നല്‍കുന്നുണ്ടെങ്കിലും ആവശ്യപ്പെടുന്നവര്‍ വിരളം.
വിസ വേണം, വിമാന ടിക്കറ്റും
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ വിദേശത്ത് പോകുന്നുണ്ടെന്ന് ആര്‍.ടി.ഒയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി അപേക്ഷക്കൊപ്പം അനുബന്ധ രേഖകള്‍ നല്‍കണം. പരിവാഹന്‍ വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോമിന്റെ മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. അതോടൊപ്പം, സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ വിസ,സ്വന്തം പാസ്‌പോര്‍ട്ട്,യാത്രക്കുള്ള വിമാന ടിക്കറ്റ് എന്നിവയും ഹാജരാക്കണം. സന്ദര്‍ശിക്കുന്ന രാജ്യം,അവിടെ തങ്ങുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോം-എ യിലാണ് അപേക്ഷിക്കേണ്ടത്. ആയിരം രൂപയാണ് പെര്‍മിറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ്.
പെര്‍മിറ്റ് ഏതെല്ലാം വാഹനങ്ങള്‍ക്ക്?
വിവിധ തരം വാഹനങ്ങള്‍ ഓടിക്കുന്നതിനാണ് പെര്‍മിറ്റ് നല്‍കുന്നത്. മോട്ടോര്‍ ബൈക്കുകള്‍,പരമാവധി എട്ടു സീറ്റുള്ള യാത്രാ വാഹനങ്ങള്‍, 3500 കിലോഗ്രാമില്‍ കൂടാത്ത ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവക്ക് പെര്‍മിറ്റ് കിട്ടും. മുമ്പ് റോഡ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴയടക്കുകയോ മറ്റു രീതികളില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് വിലക്കാന്‍ ആര്‍.ടി.ഒ ക്ക് അധികാരമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine