കമ്പനികളേയും ജീവനക്കാരേയും ഒരുപോലെ ലക്ഷ്യമിടുന്ന 'ബോസ് സ്‌കാം' സൈബർ തട്ടിപ്പ് പെരുകുന്നു; എങ്ങനെ കെണിയിൽ വീഴാതിരിക്കാം?

ഡബിൾ വെരിഫിക്കേഷനും ജീവനക്കാരുടെ പരിശീലനവും നിർണായകമാണെന്ന് വിദഗ്ധർ
AI-powered Boss Scam' Cyber Frauds
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ലിസ്റ്റഡ് കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കടുത്ത ജാഗ്രതാ നിർദ്ദേശവുമായി രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) രം​ഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുടെ (സി.ഇ.ഒ/എം.ഡി) വ്യാജ പേരിൽ തട്ടിപ്പുകാർ പണം തട്ടുന്ന 'ബോസ് സ്‌കാം' (Boss Scam) എന്ന സൈബർ തട്ടിപ്പ് രാജ്യത്ത് അതിവേഗം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഇ-മെയിൽ, വാട്‌സ്ആപ്പ്, കൃത്രിമമായി സൃഷ്ടിച്ച വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവയ്ക്ക് പുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ശബ്ദ സന്ദേശങ്ങളും (Deepfake Voice) വീഡിയോ കോളുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ കമ്പനിയുടെ ധനകാര്യ വിഭാ​ഗത്തിലെ ജീവനക്കാരെ വഞ്ചിക്കുന്നത്.

തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

കമ്പനി സി.ഇ.ഒ.യുടെയോ മാനേജിംഗ് ഡയറക്ടറുടെയോ പേരിൽ ജീവനക്കാരിലേക്ക് എത്തുന്ന അടിയന്തര സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഏതെങ്കിലും പ്രത്യേക അക്കൗണ്ടിലേക്ക് പണം ഉടൻ കൈമാറണമെന്നോ, ബാങ്ക് വിവരങ്ങളിൽ മാറ്റം വരുത്തണമെന്നോ ഉള്ള നിർദ്ദേശമാകും സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിനായി പണമിടപാടുകളിൽ സ്ഥിരം പിന്തുടരാറുള്ള നടപടിക്രമങ്ങൾ (Approval Steps) ഒഴിവാക്കാൻ ആവശ്യപ്പെടാനും മടിക്കില്ല.

"ഇതൊരു അതീവ രഹസ്യ ഇടപാടാണ്, സ്ഥാപനത്തിലെ മറ്റ് ആരോടും ചർച്ച ചെയ്യരുത്" എന്ന നിർദ്ദേശം കൂടി എത്തുന്നതോടെ കീഴ്ജീവനക്കാർ കൂടുതൽ സമ്മർദ്ദത്തിലാകുന്നു. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള അടിയന്തര സാഹചര്യം (Urgency), മേലധികാരികളോടുള്ള അനുസരണ (Hierarchy), പരസ്പര വിശ്വാസം (Trust) എന്നീ മൂന്ന് ഘടകങ്ങളെയും തന്ത്രപരമായി ചൂഷണം ചെയ്താണ് കുറ്റവാളികൾ ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ വ്യാപിപ്പിക്കുന്നത്.

ഡിജിറ്റൽ ക്ലോണിംഗും ഡീപ്‌ഫേക്കും

ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ, മുൻകാല പ്രസംഗങ്ങൾ, ഇൻറർവ്യൂകൾ, പോഡ്‌കാസ്റ്റുകൾ, സോഷ്യൽ മീഡിയ വിവരങ്ങൾ എന്നിവ ശേഖരിച്ചാണ് തട്ടിപ്പുകാർ അവരുടെ വ്യാജ 'ഡിജിറ്റൽ ക്ലോണുകൾ' നിർമ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐടി കൺസൾട്ടൻസി സ്ഥാപനമായ ഡിജിറ്റൽ ലൈവിന്റെ സ്ഥാപകൻ, ദിലീപ് സേനാപതി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങൾ:

  • കൃത്രിമ അടിയന്തിരാവസ്ഥ: വൻകിട ഡീൽ കൈവിട്ടുപോകുമെന്നോ നിയമപ്രശ്നമുണ്ടെന്നോ തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരെ ചിന്തിക്കാൻ സമയം നൽകാതെ തീരുമാനമെടുപ്പിക്കുന്നു.

  • അധികാര സ്വാധീനം: ഉന്നത ഉദ്യോ​ഗസ്ഥരുടെ/അധികാരികളുടെ സന്ദേശങ്ങൾ ജീവനക്കാർ സംശയിക്കാതെ വിശ്വസിക്കുന്നു.

  • റിമോട്ട് ജോലി രീതികളിലെ വിടവുകൾ: ഓഫീസിലെത്താതെ ജോലി ചെയ്യുന്ന സാഹചര്യങ്ങളിൽ വീഡിയോ കോളുകളെയും ചാറ്റ് പ്ലാറ്റ്‌ഫോമുകളെയും കൂടുതൽ ആശ്രയിക്കുന്നത് തട്ടിപ്പുകാർക്ക് അവസരമൊരുക്കുന്നു.

തട്ടിപ്പ് തിരിച്ചറിയാൻ എഐ സാങ്കേതികവിദ്യ മതിയാകുമോ?

എഐ അധിഷ്ഠിത തട്ടിപ്പുകൾ കണ്ടെത്താനുള്ള പ്രതിരോധ സംവിധാനങ്ങൾ ഉണ്ടെങ്കിലും അത് പൂർണ്ണമല്ലെന്ന് ബെം​ഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഐ ഇന്റലിജൻസ് പ്രോഡക്ട് കമ്പനിയായ ന്യൂറൽഓർബ്സിന്റെ സ്ഥാപകൻ അനിൽ ഭട്ട് വ്യക്തമാക്കുന്നു. ശബ്ദ സന്ദേശങ്ങൾ വ്യാജമാണോ എന്ന് കണ്ടെത്താൻ AASIST/RawNet2 തുടങ്ങിയ എഐ മോഡലുകളും, വീഡിയോകളിലുള്ള വ്യക്തിയുടെ മുഖത്തും ചുണ്ടുകളിലും കാണപ്പെടുന്ന അസമത്വം തിരിച്ചറിയാനും വെളിച്ചത്തിന്റെ വ്യതിയാനം കണ്ടെത്താനും സഹായിക്കുന്ന Xception/EfficientNet/Vision Transformer പോലെയുള്ള സംവിധാനങ്ങളും നിലവിലുണ്ട്. എന്നിരുന്നാലും ഇവയൊക്കെ അപകട സാധ്യതയെക്കുറിച്ച് (Risk Score) സൂചന തരാൻ മാത്രമേ സഹായിക്കുകയുള്ളൂ, അന്തിമ തീരുമാനം എടുക്കേണ്ടത് ജീവനക്കാർ തന്നെയാണ്.

ജീവനക്കാർ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ

  • സാധാരണ സംസാര ശൈലിയിലുള്ള വ്യത്യാസങ്ങൾ, വിചിത്രമായ വാക്കുകൾ, വീഡിയോ കോളുകളിലെ വ്യക്തതക്കുറവ് എന്നിവ ശ്രദ്ധിക്കുക.

  • അപ്രതീക്ഷിതമായ ഉണ്ടാകുന്ന ബാങ്ക് അക്കൗണ്ട് മാറ്റങ്ങൾ, വിദേശത്തേക്കുള്ള പണമിടപാടുകൾ, രഹസ്യമായി സൂക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ എന്നിവ വന്നാൽ സംശയിക്കുക.

കമ്പനികൾ സ്വീകരിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ

  • ഡബിൾ വെരിഫിക്കേഷൻ: വീഡിയോ കോളിലൂടെയോ സന്ദേശത്തിലൂടെയോ പണം കൈമാറാൻ നിർദ്ദേശം വന്നാൽ, ആ വ്യക്തിയെ സേവ് ചെയ്തിട്ടുള്ള മറ്റൊരു ഫോൺ നമ്പറിലോ കമ്പനിയുടെ ആഭ്യന്തര ആശയവിനിമയ മാർഗ്ഗത്തിലൂടെയോ (Separate Channel) വിളിച്ച് ഉറപ്പുവരുത്തുക.

  • ഒന്നിലധികം പേരുടെ അംഗീകാരം: വൻതുക കൈമാറ്റം ചെയ്യാൻ ഒരൊറ്റ ജീവനക്കാരന് മാത്രം അധികാരം നൽകരുത്.

  • ജീവനക്കാർക്കുള്ള പരിശീലനം: ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകളെ കുറിച്ച് ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകുക.

ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പണമിടപാടുകൾ ഉടൻ നിർത്തിവെക്കുകയും വിഷയം കമ്പനിയുടെ സൈബർ സുരക്ഷാ വിഭാഗത്തെയും (Cybersecurity Team) സാമ്പത്തിക വിഭാഗത്തെയും ഉടനടി അറിയിക്കുകയും ചെയ്യേണ്ടതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com