

വലിയ നിക്ഷേപമില്ലാതെ ഒരു വരുമാന മാര്‍ഗം തുടങ്ങാമോ എന്ന് ചിന്തിക്കുന്ന പലരുടെയും മുന്നില്‍ ഇപ്പോള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന ഐഡിയയാണ് ഹോംസ്റ്റേ ബിസിനസ്. കൈയില്‍ വലിയ തോതില്‍ പണമില്ലാതെ തുടങ്ങാന്‍ പറ്റിയ ബിസിനസാണെങ്കിലും പലര്‍ക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ലെന്നതാണ് സത്യം.
ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഹോംസ്‌റ്റേ ബിസിനസെന്നത് അവസരങ്ങളുടെ കലവറയാണ്. മുമ്പ് വലിയ ഹോട്ടല്‍ റൂമുകളില്‍ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ ഇവര്‍ ഹോംസ്‌റ്റേ സെറ്റപ്പുകളിലേക്കാണ് നോട്ടമെറിയുന്നത്. മറ്റ് ബിസിനസ് രീതികളില്‍ നിന്ന് വ്യത്യസ്തമാണ് ഹോംസ്‌റ്റേ. സ്വന്തം വീട് തന്നെയാണ് ഇവിടെ നിക്ഷേപത്തിന്റെയും വരുമാനത്തിന്റെ അടിത്തറ.
ഹോട്ടലുകളേക്കാള്‍ വ്യക്തിപരമായ അനുഭവങ്ങളാണ് ഇന്നത്തെ യാത്രക്കാര്‍ തേടുന്നത്. 'ലോക്കല്‍ അനുഭവങ്ങള്‍ പകര്‍ത്തുക' എന്ന ആശയം പ്രചാരത്തിലായതോടെ, ഹോംസ്റ്റേകള്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട താമസകേന്ദ്രങ്ങളായി മാറി. വീട്ടമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാര്‍ട്ട്ടൈം വരുമാനമുണ്ടാക്കാന്‍ ഇതുവഴി സാധിക്കുന്നു.
ഹോംസ്റ്റേ തുടങ്ങാന്‍ കോടികളുടെയോ ലക്ഷങ്ങളുടെയോ നിക്ഷേപം ആവശ്യമില്ല. വീട്ടില്‍ ഉപയോഗിക്കാത്ത ഒരു മുറിയോ രണ്ടോ ഉണ്ടെങ്കില്‍ അതാണ് ആദ്യ മൂലധനം. ശുചിത്വമുള്ള കിടക്ക, വൃത്തിയുള്ള ബാത്ത്റൂം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ 50,000 മുതല്‍ 2 ലക്ഷം വരെ ചിലവ് വന്നേക്കാം. ആഡംബരത്തിന്റെ അളവ് വര്‍ധിക്കുന്നതിനനുസരിച്ച് ചെലവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. വീട് ഇതിനകം നന്നായി പരിപാലിച്ചിരിക്കുന്നതാണെങ്കില്‍ ഈ ചെലവ് ഇനിയും കുറയാം. പുതിയ കെട്ടിട നിര്‍മാണമോ വലിയ ഇന്റീരിയര്‍ മാറ്റങ്ങളോ അനിവാര്യമല്ല.
ഹോംസ്റ്റേ ബിസിനസ് തുടങ്ങാന്‍ ടൂറിസം വകുപ്പിന്റെ രജിസ്ട്രേഷന്‍ ആവശ്യമാണ്. കേരള ടൂറിസത്തിന്റെ ഹോംസ്റ്റേ ക്ലാസിഫിക്കേഷന്‍ പ്രകാരം അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അംഗീകാരം ലഭിക്കും. പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയുടെ അനുമതി, ഫയര്‍ ആന്‍ഡ് സേഫ്റ്റി സംബന്ധിച്ച അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍, പോലീസ് ഇന്റിമേഷന്‍ എന്നിവയും നിര്‍ബന്ധമാണ്. ഇവയൊക്കെ ശരിയായി ചെയ്താല്‍ ഭാവിയില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
സീസണ്‍, ലൊക്കേഷന്‍, സൗകര്യങ്ങള്‍, മാര്‍ക്കറ്റിംഗ് രീതികള്‍ എന്നിവ അനുസരിച്ച് വരുമാനത്തില്‍ വ്യത്യാസം വരും. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളോട് ചേര്‍ന്ന ഭാഗങ്ങളില്‍ താരതമ്യേന ഉയര്‍ന്ന വരുമാനം ലഭിക്കും. അല്ലാത്ത പ്രദേശങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകും.
ഒരു മുറിക്ക് ഒരു രാത്രി 1,500 മുതല്‍ 4,000 വരെ ഈടാക്കുന്ന ഹോംസ്റ്റേകള്‍ കേരളത്തിലുണ്ട്. ടൂറിസം സീസണില്‍ മാസത്തില്‍ 40,000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടാന്‍ സാധിക്കുമെന്ന് ചുരുക്കം. ട്രക്കിംഗ്, നാടന്‍ ഭക്ഷണങ്ങള്‍ തുടങ്ങി ട്രെന്റുകള്‍ ചേര്‍ത്ത് പിടിച്ചാല്‍ വരുമാനം ഉയരും.
ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ പണ്ടത്തെ പോലെ ഒരു ഹോംസ്‌റ്റേ നാലാളറിയുന്ന പ്രസ്ഥാനമായി മാറ്റാന്‍ വലിയ ബുദ്ധിമുട്ടില്ല. ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്യുക, ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ ചേര്‍ക്കുക, സോഷ്യല്‍ മീഡിയ പേജുകള്‍ സജീവമാക്കുക ഇതൊക്കെയാണ് മാര്‍ക്കറ്റിംഗിന്റെ ആദ്യ ഘട്ടം. അതിഥികളുടെ നല്ല റിവ്യൂകളും മൗത്ത് പബ്ലിസിറ്റിയും നല്ലൊരു പരസ്യമായി മാറും.
Read DhanamOnline in English
Subscribe to Dhanam Magazine