

തങ്ങളുടെ ബിസിനസ് താല്പര്യങ്ങളെ ഹനിക്കുന്ന സര്‍വ രാജ്യങ്ങള്‍ക്കു മേലും താരിഫ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതില്‍ സഖ്യകക്ഷികളെന്നോ സുഹൃദ് രാജ്യങ്ങളെന്നോ ഇല്ല. അമേരിക്ക ഫസ്റ്റ് എന്ന നയം മാത്രമാണ് തനിക്ക് മുന്നിലുള്ളതെന്ന് ട്രംപ് പലകുറി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ താല്പര്യങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന മറ്റൊരു തീരുമാനം കൂടി എടുത്തിരിക്കുകയാണ് ട്രംപ് ഭരണകൂടം. വെനസ്വേലയില്‍ നിന്ന് ക്രൂഡ്ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തുമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ രണ്ട് മുതല്‍ ഉത്തരവ് ബാധകമാണെന്ന് ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്തില്‍ കുറിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല അമേരിക്കന്‍ വിരുദ്ധ ചേരിയുടെ ഭാഗമാണ്. സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായ രാജ്യത്തിനെതിരായ ട്രംപിന്റെ നീക്കത്തിനു പിന്നില്‍ പക്ഷേ രാഷ്ട്രീയ കാരണങ്ങളല്ല. വെനസ്വേലയില്‍ നിന്നുള്ള ക്രിമിനലുകളെ യു.എസിലെത്താന്‍ ഭരണകൂടം സഹായിക്കുന്നുവെന്നും ഇങ്ങനെ എത്തുന്നവര്‍ തങ്ങളുടെ രാജ്യത്തെ സമാധാന ജീവിതം നശിപ്പിക്കുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം.
വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ട ട്രെന്‍ ഡി അരാഗുവ സംഘത്തില്‍പ്പെട്ട നിരവധി അംഗങ്ങള്‍ അടുത്തിടെയായി യു.എസിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് വ്യാപനത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നുവെന്ന ആരോപണം പലകോണുകളില്‍ നിന്നുയരുകയും ചെയ്തിട്ടുണ്ട്. വെനസ്വേലയ്ക്കു മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.
ട്രംപിന്റെ അപ്രതീക്ഷിത നീക്കം പ്രതിസന്ധിയിലാക്കുന്നത് ഇന്ത്യന്‍ എണ്ണ കമ്പനികളെയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റ് പൊതുമേഖല എണ്ണ കമ്പനികളും വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. 2023ല്‍ ബൈഡന്‍ ഭരണകൂടം വെനസ്വേലയ്ക്കു മേലുള്ള ഉപരോധം ഇളവു ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇന്ത്യന്‍ കമ്പനികള്‍ ഈ രാജ്യത്തു നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചത്.
2023 ഡിസംബറിലും 2024 ജനുവരിയിലും വെനസ്വേല ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങലുകാര്‍ ഇന്ത്യയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വെനസ്വേല ആകെ ഉത്പാദിപ്പിച്ച ക്രൂഡിന്റെ പാതിയും ഇന്ത്യയാണ് വാങ്ങിയത്. 2024ല്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് ഇന്ത്യ വാങ്ങിയത് 22 മില്യണ്‍ ബാരല്‍ ക്രൂഡാണ്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 1.5 ശതമാനം വരുമിത്.
ഇന്ത്യയും ചൈനയും യു.എസും സ്‌പെയിനുമാണ് വെനസ്വേലയില്‍ നിന്ന് പ്രധാനമായി എണ്ണ വാങ്ങുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ വെനസ്വേലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഏറെക്കുറെ നിലയ്ക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ദാരിദ്രത്തില്‍ പോകുന്ന വെനസ്വേലയ്ക്ക് ഈ ഉപരോധം താങ്ങാന്‍ സാധിക്കുമോയെന്നത് ചോദ്യചിഹ്നമാണ്.
ട്രംപിന്റെ തീരുവ വാര്‍ത്ത വന്നതോടെ എണ്ണ കമ്പനികളുടെ ഓഹരികള്‍ തിരിച്ചടി നേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാവിലെ ഒന്നര ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടു. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ബി.പി.സി.എല്‍ തുടങ്ങിയ കമ്പനികള്‍ക്കെല്ലാം തിരിച്ചടി നേരിടേണ്ടി വന്നു.
ട്രംപിന്റെ പ്രഖ്യാപനം എണ്ണ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. ക്രൂഡ് വില ഒന്നര ശതമാനത്തിനടുത്ത് ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 73 ഡോളറിന് മുകളിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine