

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെകിൽ' (OPEC) നിന്നുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു.എ.ഇ) അപ്രതീക്ഷിത പിന്മാറ്റം ആഗോള എണ്ണ വിപണിയുടെ സമവാക്യങ്ങളെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ്. ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ 4 ശതമാനം സംഭാവന ചെയ്യുന്ന യു.എ.ഇ.യുടെ ഈ തീരുമാനം, ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് അനുകൂലമായ സാഹചര്യവും ഒരുക്കിയേക്കാം. യു.എ.ഇ.യുടെ ഒപെക്കിൽ നിന്നുള്ള പിന്മാറ്റം ഇന്ത്യയ്ക്ക് മൂന്ന് തരത്തിൽ നേട്ടമായേക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ദേശീയ താത്പര്യം മുൻനിർത്തിയുള്ള തീരുമാനം എന്ന ഔദ്യോഗിക ഭാഷ്യമുണ്ടെങ്കിലും, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില താരതമ്യേന ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നതിനായി ഉത്പാദനത്തിന്റെ തോത് സജീവമായി നിയന്ത്രിക്കുന്ന ഒപെക് നയത്തോടുള്ള വിയോജിപ്പായാണ് യു.എ.ഇയുടെ പിന്മാറ്റത്തെ പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നത്. സൗദി അറേബ്യയുടെ ഗണ്യമായ സ്വാധീനവലയത്തിലുള്ള ഒപെക്, ഉത്പാദന ക്വോട്ട നിശ്ചയിക്കുന്നത് ഏകപക്ഷീയമായിട്ടാണെന്ന വികാരം ഏറെക്കാലമായി യു.എ.ഇയ്ക്കുള്ളിൽ പുകഞ്ഞിരുന്ന ഒരു വിഷയവുമാണ്.
ആഗോള വിപണിയിലെ വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി വിതരണം ക്രമീകരിക്കാൻ സാധിക്കാതിരിക്കുന്നതിലൂടെ തങ്ങളുടെ സമ്പദ്ഘടനയ്ക്ക് വൻ നഷ്ടം നേരിടുന്നതായും യു.എ.ഇ വിലയിരുത്തുന്നു. ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ ഉത്പാദനത്തിന്റെ 40 ശതമാനമാണ് ഒപെക് കൂട്ടായ്മയുടെ വിഹിതമായുള്ളത്. ഇതിൽ 10 ശതമാനത്തോളം സംഭാവന ചെയ്യുന്നത് യു.എ.ഇ ആണ്.
അതുപോലെ പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഏറ്റവുമധികം പരിക്കേറ്റ ഗൾഫ് രാജ്യം യു.എ.ഇ ആണ്. ആഗോള സാമ്പത്തിക, വാണിജ്യ കേന്ദ്രമായി വളർന്നുവന്ന ദുബായിയുടെ സൽപ്പേരിനും ഇതിലൂടെ കാര്യമായ തിരിച്ചടിയേറ്റു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ കാര്യമായ പിന്തുണ സൗദി അറേബ്യയിൽ നിന്നും യു.എ.ഇയ്ക്ക് കിട്ടിയിരുന്നില്ല. കൂടാതെ ദുബായ്ക്ക് ബദലെന്ന നിലയിൽ റിയാദിനെ വലിയൊരു സാമ്പത്തിക കേന്ദ്രമാക്കി വളർത്താനുള്ള ശ്രമങ്ങൾ സൗദിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും യു.എ.ഇയ്ക്ക് നീരസം സൃഷ്ടിച്ചിരുന്നു. ഇവയെല്ലാം പശ്ചിമേഷ്യയിലെ സംഘർഷം ഒരു സന്ദിഗ്ധ ഘട്ടത്തിലേക്ക് കടക്കവേയുള്ള യു.എ.ഇയുടെ ഒപെക് പിന്മാറ്റവുമായി കൂട്ടിവായിക്കാവുന്നതാണ്.
ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനത്തോളവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച്, യു.എ.ഇ.യുടെ ഒപെക്കിൽ നിന്നുള്ള പിന്മാറ്റം നിരവധി രീതിയിൽ ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ. ഇന്ത്യയിലേക്കുള്ള ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പത്തിലൊന്നും നിലവിൽ യു.എ.ഇ.യിൽ നിന്നാകുന്നു. ഒപെക്കിന്റെ പരിധിക്കു പുറത്തുവരുന്നതോടെ, യു.എ.ഇ.യുമായി നേരിട്ടുള്ള എണ്ണ ഇടപാടുകളിൽ ഇന്ത്യയ്ക്ക് കൂടുതൽ വിലപേശൽ ശേഷി ലഭിക്കും. അതുപോലെ ദീർഘകാല വിതരണ കരാറുകളും വില നിർണയത്തിൽ കൂടുതൽ ഇളവുകളും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനാകും.
ഒപെക് നിയന്ത്രണങ്ങൾ ഒഴിവാകുന്ന പശ്ചാത്തലത്തിൽ യു.എ.ഇയുമായുള്ള സഹകരണം കൊണ്ട് ഇപ്പോഴത്തെ വിപണി വിലയേക്കാളും കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭിക്കുകയാണെങ്കിൽ, അത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന നേരിയ കുറവ് പോലും ഇന്ത്യയുടെ വ്യാപാരക്കമ്മിയിലും കറന്റ് അക്കൗണ്ട് ബാലൻസിലും വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധവും വൻ തോതിലുള്ള വ്യാപാരവും നടക്കുന്നതിനാൽ ഡോളർ ഒഴിവാക്കിക്കൊണ്ട് യു.എ.ഇയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനും കഴിയാവുന്നതാണ്. ഇവയെല്ലാം രൂപയുടെ വിനിമയമൂല്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.
അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (ADNOC) ഇന്ത്യയുടെ തന്ത്രപ്രധാന ക്രൂഡ് ഓയിൽ സംഭരണ പദ്ധതിയിലുള്ള (Strategic Petroleum Reserves) പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിൽ ഊർജ മേഖലയിലെ സഹകരണം ദൃഢമാക്കുന്നതിന് സഹായിച്ചേക്കും. ലോകത്തെ ക്രൂഡ് ഓയിൽ ഉത്പാദകർക്കിടയിൽ നിന്നും റഷ്യയ്ക്ക് പുറമെ യു.എ.ഇ കൂടി വിശ്വസ്ത സുഹൃദ് രാജ്യമായി മാറുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയെ സഹായിക്കും.
എന്തായാലും നിലവിലെ ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യു.എ.ഇയുടെ ഒപെക്കിൽ നിന്നുള്ള പിന്മാറ്റത്തോടെ ആവിർഭവിക്കുന്ന എണ്ണ വിപണിയിലെ പുതിയ മത്സര സ്വഭാവം, ഇന്ത്യയെ പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ദീർഘകാലയളവിൽ ഗുണകരമാകാൻ തന്നെയാണ് സാധ്യത.
Read DhanamOnline in English
Subscribe to Dhanam Magazine