

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി നിർണായക സ്വാധീനം ചെലുത്തിയിരുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി (KIIFB) നിർണായകമായ വഴിത്തിരിവിലേക്ക്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തോടെ യു.ഡി.എഫ് വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്തുമ്പോൾ, ഈ ബജറ്റ് ഇതര വായ്പാ സംവിധാനത്തിന്റെ ഘടനയിലും പ്രവർത്തന രീതിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിലവിൽ ലഭ്യമായിട്ടുള്ള കണക്കുകൾ പ്രകാരം, ഏകദേശം 98,800 കോടി രൂപയുടെ 1230-ലധികം പദ്ധതികൾക്കാണ് കിഫ്ബി ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിൽ നിന്നും 38,000 കോടിയിലധികം രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് കിഫ്ബി റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം കിഫ്ബി വഴി എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര തീരുമാനം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം പ്രതിപക്ഷത്തിരുന്ന് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും പൂർത്തിയായിക്കൊണ്ടിരിക്കുന്ന പദ്ധതികളും നിലവിലെ വായ്പാ കരാറുകളും പരിഗണിക്കുമ്പോൾ കിഫ്ബി പെട്ടെന്ന് നിർത്തലാക്കുക പ്രായോഗികമല്ല. എന്നിരുന്നാലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പൊതുവായി ചൂണ്ടിക്കാണിക്കുന്നു.
1. വരുമാന അധിഷ്ഠിത മോഡൽ : ഇനി മുതൽ വരുമാനം ലഭിക്കാവുന്ന/ഉറപ്പാക്കാവുന്ന വൻകിട പദ്ധതികൾക്ക് (ഉദാഹരണത്തിന്: ട്രാൻസ്ഗ്രിഡ്, വ്യവസായ പാർക്കുകൾ) മാത്രമായി കിഫ്ബി ഫണ്ട് അനുവദിക്കുന്ന രീതിയിലേക്ക് നയം മാറിയേക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ വായ്പ, കടപ്പത്രം എന്നി സ്രോതസ്സുകളിലൂടെ ഏകദേശം 43,200 കോടി രൂപയാണ് കിഫ്ബി ഉറപ്പാക്കിയിട്ടുള്ളത്. ഇതിൽ നിന്നും 37,900 കോടി രൂപ വിവിധ പദ്ധതികൾക്കായി അനുവദിച്ചിട്ടുണ്ട്. ഏകദേശം 8,500 കോടിയോളം രൂപയുടെ വായ്പ തിരിച്ചടച്ചു. എന്നിരുന്നാലും 29,300 കോടിയോളം രൂപ ഫലത്തിൽ വായ്പ ഇനത്തിലുള്ള ബാധ്യതയായി കിഫ്ബിയുടെ ചുമലിലുണ്ട്.
2. ബജറ്റ് സംയോജനം : കിഫ്ബി വായ്പകളെ സംസ്ഥാന ബജറ്റുമായി കൂടുതൽ സുതാര്യമായി ബന്ധിപ്പിക്കാനും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മാനേജ് ചെയ്യാനും ധനവകുപ്പ് പുതിയ ചട്ടക്കൂട് തയ്യാറാക്കിയേക്കും. സംസ്ഥാനത്തെ സഞ്ചിത നിധിയിൽ നിന്നും പണം ലഭിക്കുന്ന കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ നിർമാണ പ്രവൃത്തികൾ മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന വിമർശനം കോൺഗ്രസ് ശക്തമായി ഉന്നയിച്ചിരുന്നതാണ്. ഈയൊരു പശ്ചാത്തലത്തിൽ കിഫ്ബി ഫണ്ട് വഴി നിർമിച്ച റോഡുകളിലും പാലങ്ങളിലും ടോൾ പിരിക്കുന്നതിനോട് വിയോജിപ്പാണെന്ന നിലപാടും യു.ഡി.എഫ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കിഫ്ബി വഴിയുള്ള സാമ്പത്തിക ബാധ്യത കനത്തതായതിനാൽ, ടോളിലെ മുൻനിലപാട് എത്രത്തോളം പാലിക്കപ്പെടുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
3. സമഗ്രമായ ഓഡിറ്റിംഗ് നടത്തിയേക്കും : കിഫ്ബി മുഖേന നടപ്പിലാക്കിയ ഓരോ പദ്ധതിയുടെയും അടങ്കൽ തുക, ഗുണനിലവാരം, കമ്മീഷൻ ഇടപാടുകൾ എന്നിവയിൽ വിജിലൻസ് അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് സാധ്യതയുണ്ട്. കിഫ്ബിയുടെ കീഴിൽ വിഭാവനം ചെയ്ത പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, എൽ.ഡി.എഫിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) മുഖേന നടപ്പിലാക്കിയിട്ടുള്ള പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അതുപോലെ കിഫ്ബി ഒരു സുതാര്യമായ സംവിധാനമല്ലെന്നും ബജറ്റിന് പുറത്തുനിന്നുള്ള വായ്പകൾ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നതും പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശൻ ആവർത്തിച്ചുന്നയിച്ച വിമർശനമായിരുന്നു.
ചുരുക്കത്തിൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടോളം എൽ.ഡി.എഫ് സർക്കാർ വികസന മന്ത്രമായി ഉരുവിട്ടിരുന്ന കിഫ്ബി, പുതിയതായി അധികാരം ഏറ്റെടുക്കുന്ന യു.ഡി.എഫ് സർക്കാരിന് കീഴിൽ കർശനമായ ഓഡിറ്റിംഗിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും നിഴലിലാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്ത പദ്ധതികൾക്ക് പണം നൽകുന്ന രീതി അവസാനിപ്പിക്കുമോ എന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. എന്തായാലും നിലവിലെ ഭരണമാറ്റത്തിലൂടെ കിഫ്ബിയുടെ ഘടനയിൽ വരുത്താവുന്ന മാറ്റങ്ങൾ സംസ്ഥാനത്തിന്റെ വികസന മാതൃകയെത്തന്നെ പുനർനിർവ്വചിക്കുന്ന ഒന്നായി മാറുമെന്നതിൽ തർക്കമില്ല.
Read DhanamOnline in English
Subscribe to Dhanam Magazine