

വളര്ന്നുവരുന്ന യുവ സംരംഭകരുടെ പട്ടികയില് ബ്രിട്ടനെയും ചൈനയെയും പിന്തള്ളി ഇന്ത്യ ഒന്നാമത്. 2026ലെ അലയന്സ് ഗ്ലോബല് ഇന്വെസ്റ്റേഴ്സ്-ഹുറൂണ് അണ്ടര് 35 പട്ടികയില് 180 ഇന്ത്യക്കാരാണ് ഇടംനേടിയത്. ചൈനയില് നിന്ന് 101 പേരും ബ്രിട്ടന്റെ പട്ടികയില് 62 പേരുമാണുള്ളത്.
അണ്ടര് 35 പട്ടികകളിലെ സ്ത്രീകളുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നില്. ഇന്ത്യയുടെ പട്ടികയില് 23 സ്ത്രീകളുണ്ട്. ചൈനയില് 21 പേരും ബ്രിട്ടനില് 10 പേരുമാണ്.
ഇന്ത്യയുടെ 2026 പട്ടികയിലെ 23 സ്ത്രീകളില് 12 പേര് കുടുംബ ബിസിനസുകളുടെ അടുത്ത തലമുറയില് നിന്നുള്ളവരും 11 പേര് ആദ്യതലമുറ സംരംഭകരുമാണ്. മുന്വര്ഷത്തെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം 53 ശതമാനം ഉയര്ന്നതായും ഹുറൂണ് കണക്കുകള് വ്യക്തമാക്കുന്നു.
പട്ടികയിലെ ആകെ എണ്ണത്തില് ഇന്ത്യ മുന്നിലാണെങ്കിലും ആദ്യതലമുറ സംരംഭകരുടെ വിഹിതത്തില് ബ്രിട്ടനാണ് ഒന്നാമത്. ബ്രിട്ടീഷ് പട്ടികയിലെ 85 ശതമാനം പേരും ആദ്യതലമുറ സംരംഭകരാണ്. ഇന്ത്യയില് ഇത് 71 ശതമാനവും ചൈനയില് 63 ശതമാനവുമാണ്.
ഇന്ത്യയിലെ യുവ ബിസിനസ് നേതാക്കളുടെ പ്രധാന കേന്ദ്രമായി ബെംഗളൂരു തുടരുകയാണ്. അണ്ടര് 35 പട്ടികയിലെ 52 സംരംഭകര് ബെംഗളൂരുവിലാണ് താമസിക്കുന്നത്. Razorpay സഹസ്ഥാപകന് ഹര്ഷില് മാഥൂര്, Bagmane Developersന്റെ ആദിത്യ ബാഗ്മാനെ, ജോയ്ആലുക്കാസിന്റെ തോമസ് മാത്യു എന്നിവരും ബെംഗളൂരുവിലാണ് വാസം.
പട്ടികയിലെ കമ്പനികളുടെ ആസ്ഥാനങ്ങളുടെ എണ്ണത്തിലും ബെംഗളൂരു ഒന്നാമതാണ്; 35 കമ്പനികളുടെ ആസ്ഥാനമാണ് നഗരത്തിലുള്ളത്. മുംബൈ 28, ഗുരുഗ്രാമില് 14 എന്നിങ്ങനെ കമ്പനികളുടെ ആസ്ഥാനങ്ങളുണ്ട്.
സംസ്ഥാന അടിസ്ഥാനത്തില് കര്ണാടകയാണ് മുന്നില്. 53 പേരാണ് സംസ്ഥാനത്തുനിന്ന് പട്ടികയിലുള്ളത്. മഹാരാഷ്ട്രയില് നിന്ന് 35 പേരും ഡല്ഹിയില് നിന്ന് 25 പേരുമുണ്ട്.
ഇന്ത്യന് അണ്ടര്35 പട്ടികയില് സോഫ്റ്റ്വെയര് പ്രോഡക്ട്സ് ആന്ഡ് സര്വീസസ് മേഖലയാണ് ഏറ്റവും കൂടുതല് പ്രാതിനിധ്യമുള്ളത്. ഈ മേഖലയില് നിന്ന് 18 സംരംഭകരുണ്ട്. 17 പേരുമായി ഫിന്ടെക് തൊട്ടുപിന്നിലുണ്ട്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, മെഷീന് ലേണിംഗ് മേഖലകളില് നിന്നുള്ള യുവ സംരംഭകരുടെ എണ്ണം ഒരു വര്ഷത്തിനിടെ നാലിരട്ടിയായി. 2025ല് മൂന്ന് പേരുണ്ടായിരുന്ന സ്ഥാനത്ത് 2026ല് 12 പേരായി ഉയര്ന്നു.
ഹുറൂണ് കണക്കനുസരിച്ച്, 2026ലെ ഇന്ത്യ അണ്ടര് 35 പട്ടികയിലെ 180 യുവ ബിസിനസ് ലീഡര്മാര് നേതൃത്വം നല്കുന്ന കമ്പനികളുടെ സംയുക്ത മൂല്യം ഏകദേശം 48 ലക്ഷം കോടിയാണ്. പട്ടികയിലെ കമ്പനികള് ചേര്ന്ന് 5.88 ലക്ഷത്തിലധികം പേര്ക്ക് തൊഴില് നല്കുന്നതായും റിപ്പോര്ട്ട് പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine