

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് കുതിച്ചുയര്‍ന്ന തക്കാളിയുടെ വിലയാണ്. ഇത് സംബന്ധിച്ച പല വാർത്തകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. തമാശകള്‍ക്കപ്പുറം തക്കാളി വില വര്‍ധിച്ചത് സംബന്ധിച്ച് ചില 'സീരിയസ്' വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഭര്‍ത്താവ് കറി ഉണ്ടാക്കാന്‍ രണ്ട് തക്കാളി കൂടുതലായി ഉപയോഗിച്ചു, അതിന് ഭാര്യ വീട് വിട്ടുപോയതായിട്ടാണ് റിപ്പോര്‍ട്ട്. തക്കാളി വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണത്രെ വഴക്കില്‍ കലാശിച്ചത്.
ഇനി മുതല്‍ തക്കാളി അധികമായി ഉപയോഗപ്പെടുത്തില്ലെന്നും വേണമെങ്കില്‍ വില കുറയുന്നത് വരെ പൂര്‍ണമായി ഉപേക്ഷിക്കാമെന്ന് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെ രസകരമായ കാര്യം.
തക്കാളി ഉപയോഗിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും വില സാധാരണ നിലയിലാകുന്നതുവരെ ഒരു ഭക്ഷണത്തിലും ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്നും അയാള്‍ പോലീസിനോട് പറഞ്ഞുവത്രെ. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യയെ തിരയാന്‍ തുടങ്ങി, സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന ഭാര്യയെ കണ്ടെത്തി തിരികെ ഇരുവരെയും പരസ്പര സമ്മതത്തോടെ ഒരുമിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ട്.
തക്കാളി വില
നിലവില്‍ 100 രൂപയ്ക്കു മുകളില്‍ തുടരുന്ന തക്കാളി വില വരും ആഴ്ചകളില്‍ കിലോയ്ക്ക് 300 രൂപ കടക്കുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം പച്ചക്കറികളുടെ ഉത്പാദനത്തെയും വിതരണത്തെയും മോശമായി ബാധിക്കുന്നുണ്ട്. ജൂണ്‍ ആദ്യം 40 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നത്.
കേരളത്തില്‍ പല സ്ഥലത്തും പല വിലയാണ് തക്കാളിക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് ഒരുകിലോയ്ക്ക് 125 രൂപ, എറണാകുളം 120 രൂപ, കോഴിക്കോട് 105 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ തക്കാളി വില.
Read DhanamOnline in English
Subscribe to Dhanam Magazine