അമേരിക്ക വിടണം, അല്ലെങ്കില്‍ ജോലി പോകും; ഇന്ത്യന്‍ ഐടി ജീവനക്കാരെ വെട്ടിലാക്കി ഐബിഎം

തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ക്ക് മൂന്നാഴ്ച സമയം; ഇന്ത്യയിലേക്ക് മടങ്ങിയാല്‍ ശമ്പളത്തിലും വന്‍ ഇടിവിന് സാധ്യത
അമേരിക്ക വിടണം, അല്ലെങ്കില്‍ ജോലി പോകും; ഇന്ത്യന്‍ ഐടി ജീവനക്കാരെ വെട്ടിലാക്കി ഐബിഎം
Published on: 

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കനത്ത തിരിച്ചടിയായി ആഗോള ടെക് ഭീമനായ ഐ.ബി.എമ്മിന്റെ (IBM) പുതിയ വിസ നയം. കണ്‍സള്‍ട്ടിംഗ് വിഭാഗത്തിലെ ഭൂരിഭാഗം തസ്തികകള്‍ക്കും തൊഴില്‍ വിസ, ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ നല്‍കുന്നത് കമ്പനി അവസാനിപ്പിക്കുകയാണ്.

ഇതോടെ വിസ സ്‌പോണ്‍സര്‍ഷിപ്പിനെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ മറ്റൊരു രാജ്യത്തേക്ക് ജോലി മാറുകയോ അല്ലെങ്കില്‍ കമ്പനി വിടുകയോ ചെയ്യേണ്ടി വരുമെന്ന്ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റൊരു രാജ്യത്തേക്ക് ജോലി മാറാന്‍ തയാറാണോ എന്ന് തീരുമാനിക്കാന്‍ ജീവനക്കാര്‍ക്ക് മൂന്നാഴ്ചയാണ് അനുവദിച്ചിരിക്കുന്നത്. സ്ഥലംമാറ്റത്തിന് തയാറാകാത്ത ജീവനക്കാരുടെ അവസാന പ്രവൃത്തിദിനം ഡിസംബര്‍ 31 ആയിരിക്കും. ഇവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ ഐബിഎമ്മിന്റെ കണ്‍സള്‍ട്ടിംഗ് വിഭാഗത്തില്‍ ഒന്നര ലക്ഷത്തിലധികം ജീവനക്കാരുണ്ട്. പുതിയ തീരുമാനം എത്ര ജീവനക്കാരെ ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍

അമേരിക്കയില്‍ നിന്ന് മടങ്ങാന്‍ തയാറാകുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുള്ള രാജ്യം ഇന്ത്യയാണ്. യുഎസിന് പുറത്ത് ഐബിഎമ്മിന്റെ കണ്‍സള്‍ട്ടിംഗ് വിഭാഗത്തില്‍ 1,278 ഒഴിവുകളാണുള്ളത്. ഇതില്‍ 1,125 എണ്ണവും ഇന്ത്യയിലാണ്. സിംഗപ്പൂരില്‍ 23, ബ്രിട്ടനില്‍ 18 എന്നിങ്ങനെ ഒഴിവുകളുണ്ട്.

ഇന്ത്യയിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ക്ക് നിലവിലുള്ള പദവിയോ ശമ്പളമോ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പില്ല. ശമ്പളത്തില്‍ 80 ശതമാനം വരെ കുറവുണ്ടായേക്കുമെന്ന് തൊഴില്‍ മേഖലയിലെ ചര്‍ച്ചകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബ്ലൈന്‍ഡില്‍ (Blind) ഒരു ഐബിഎം ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു ശമ്പള വെട്ടിക്കുറയ്ക്കല്‍ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വര്‍ഷങ്ങളായി അമേരിക്കയില്‍ കുടുംബസമേതം താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വരുമാനത്തിലെ ഇടിവ് മാത്രമല്ല വെല്ലുവിളി. കുട്ടികളുടെ വിദ്യാഭ്യാസം, ജീവിതപങ്കാളിയുടെ ജോലി, ഭവനവായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകള്‍ എന്നിവയും നാട്ടിലേക്ക് മടങ്ങുന്നതില്‍ നിര്‍ണായക ഘടകങ്ങളാകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```