മതിയായ പരിശോധനകളില്ലാതെ സിം കാര്‍ഡ് നല്‍കി, സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിഞ്ഞില്ല; ഐസിഐസിഐ ബാങ്കിനും വോഡഫോണിനും ലക്ഷങ്ങളുടെ പിഴ

സൈബർ കുറ്റകൃത്യങ്ങളിൽ ഇന്റര്‍മീഡിയറീസിന് അവരുടെ വീഴ്ചകളില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് സ്ഥാപിക്കുന്ന സുപ്രധാന വിധി
cyber frauds
Image courtesy: Canva
Published on

ഗുജറാത്തിലെ പ്രമുഖ സൈബർ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്കിനും വോഡഫോൺ ഐഡിയ ലിമിറ്റഡിനും (Vi) പിഴ ചുമത്തിക്കൊണ്ട് സുപ്രധാന വിധി. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന് 1.19 കോടി രൂപയിലധികം നഷ്ടപ്പെട്ട സിം സ്വാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.

ഐടി ആക്ട് 2000 പ്രകാരമുള്ള നിയമലംഘനങ്ങൾ കണക്കിലെടുത്ത് ഐസിഐസിഐ ബാങ്കിന് 10 ലക്ഷം രൂപയും വോഡഫോണിന് 5 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. പിഴയ്ക്ക് പുറമെ, ഐസിഐസിഐ ബാങ്ക് പരാതിക്കാർക്ക് 1.05 കോടി രൂപ നഷ്ടപരിഹാരവും നൽകണം. ഈ തട്ടിപ്പിൽ സിം സ്വാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനിയുടെ ഡയറക്ടറുടെ ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിന്റെ ക്ലോൺ സിം കാർഡ് തട്ടിപ്പുകാർ കരസ്ഥമാക്കി. തുടർന്ന് ഒടിപി ദുരുപയോഗം ചെയ്ത് അനധികൃതമായി പണം തട്ടിയെടുക്കുകയായിരുന്നു.

ഇരു കമ്പനികളുടെയും വീഴ്ചകള്‍

മതിയായ പരിശോധനകളില്ലാതെ വ്യാജ അപേക്ഷയിൽ പുതിയ സിം കാർഡ് നൽകിയതിലൂടെ വോഡഫോണിന് സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. സംശയാസ്പദമായ വലിയ ഇടപാടുകൾ യഥാസമയം തിരിച്ചറിയുന്നതിലും ഗുണഭോക്താവിനെ ചേർക്കുന്നതിൽ ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതിലും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും ഐസിഐസിഐ ബാങ്ക് പരാജയപ്പെട്ടു.

ഇരു സ്ഥാപനങ്ങളും ആറ് ആഴ്ചയ്ക്കുള്ളിൽ പിഴത്തുക കെട്ടിവെക്കുകയും മൂന്ന് മാസത്തിനുള്ളിൽ ആഭ്യന്തര സുരക്ഷാ പരിശോധനകളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യണമെന്നും അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെ ഉത്തരവില്‍ പറയുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഇടനിലക്കാർക്ക് (Intermediaries) അവരുടെ വീഴ്ചകളില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് സ്ഥാപിക്കുന്ന സുപ്രധാന വിധിയാണിത്.

ICICI Bank and Vodafone fined In Gujarat SIM Fraud Case.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com