എഐ അധിഷ്ഠിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുമായി ഐസിഐസിഐ ലൊംബാര്‍ഡ്

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ ലഭ്യമാക്കുന്ന പുതിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം കേരളത്തിലും അവതരിപ്പിച്ചു. ലൊംബാര്‍ഡ് എലിവേറ്റ് പദ്ധതിയില്‍ നാല് പുതിയ സ്‌കീമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താവിന്റെ ഇന്‍പുട്‌സിനെ അപഗ്രഥിച്ച് മികച്ച കവറേജിനാവശ്യമായ സഹായം നല്‍കാന്‍ കഴിയും. ഇതുവഴി വ്യക്തിഗതമായ ആവശ്യത്തിനനുസരിച്ചുള്ള പോളിസികള്‍ ഉപഭോക്താവിന് ലഭിക്കും. എലിവേറ്റ് പദ്ധതി വഴി കൂടുതല്‍ ആകര്‍ഷകമായ വ്യക്തിഗത പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്.

നാല് സ്‌കീമുകള്‍

ഇന്‍ഫിനിറ്റ് സം ഇന്‍ഷ്വേര്‍ഡ്, ഇന്‍ഫിനിറ്റ് ക്ലെയിം എമൗണ്ട്, ഈന്‍ഫിനിറ്റ് റീസെറ്റ്, ഇന്‍ഫിനിറ്റ് ക്യുമുലേറ്റീവ് ബോണസ് എന്നീ നാല് സ്‌കീമുകളാണ് എലിവേറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയിലുള്ള മറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളേക്കാളും ആകര്‍ഷകമായ നേട്ടമാണ് ഐസിഐസിഎ ലൊംബാര്‍ഡ് എലിവേറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് റീറ്റെയ്ല്‍ ഹെല്‍ത്ത് ആന്‍ഡ് റീറ്റെന്‍ഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് അഭിഷേക് സെന്‍ പറഞ്ഞു.
പരിമിത കവറേജ്, ഇന്‍ഷുര്‍ ചെയ്യുന്ന തുക എന്നീ പരിമിതികള്‍ മറികടക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒരു പ്രാവശ്യം ക്ലെയിം ചെയ്താല്‍ ബോണസ് പോയിന്റ് കുറയില്ലെന്നതും അഞ്ച് ലക്ഷം മുതലുള്ള പരിധിയില്ലാത്ത സം ഇന്‍ഷ്വേര്‍ഡ് ഓപ്ഷനും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. എത്ര വയസുവരെയുള്ളവര്‍ക്കും പദ്ധതിയില്‍ അംഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ ആറായിരത്തിന് മുകളില്‍ ആശുപത്രികളുമായി പദ്ധതി നടപ്പാക്കാനായി കൈകോര്‍ത്തതായി അഭിഷേക് സെന്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നൂറിലധികം ആശുപത്രികളും കൊച്ചിയില്‍ 25 ആശുപത്രികളുമാണ് പദ്ധതിയുമായി സഹകരിക്കുക.
Related Articles
Next Story
Videos
Share it