ഭവന പദ്ധതികളുടെ നിര്‍മ്മാണത്തിലേക്കും താജ് ഗ്രൂപ്പ്; തുടക്കം ഈ നഗരത്തില്‍

പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (IHCL) അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടിലേക്കും ചുവടുവയ്ക്കുന്നു. ചെന്നൈയിലാണ് താജ് ബ്രാന്‍ഡില്‍ ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റ് പദ്ധതി പ്രഖ്യാപിച്ചത്. തമിഴ്‌നാട് ആസ്ഥാനമായുള്ള അംപ ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതി. താജ് സ്‌കൈ വ്യൂ ഹോട്ടല്‍ ആന്‍ഡ് റെസിഡന്‍സസ് എന്ന പേരിലുള്ള പ്രൊജക്ട് ഹോട്ടലും അപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നതാണ്.
253 ഹോട്ടല്‍ മുറികളും 123 അപ്പാര്‍ട്ട്‌മെന്റുകളും അടങ്ങുന്നതാണ് അത്യാഡംബര പ്രൊജക്ട്. 2027 മാര്‍ച്ചിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. താജ് ബ്രാന്‍ഡിലാണ് പദ്ധതി അറിയപ്പെടുന്നതെങ്കിലും പണം മുടക്കുന്നത് അംപ ഗ്രൂപ്പാണ്. 800 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിക്കായി നിലവില്‍ 200 കോടി രൂപ അംപ ഗ്രൂപ്പ് ഇതിനകം മുടക്കിയിട്ടുണ്ട്.
ഹോട്ടലിന്റെയും അപ്പാര്‍ട്ട്‌മെന്റിന്റെയും 30 വര്‍ഷത്തെ പരിപാലനമായിരിക്കും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രധാന ചുമതല. ഹോട്ടല്‍ നിര്‍മാണം ആദ്യം പൂര്‍ത്തിയാക്കും. അംപ ഗ്രൂപ്പുമായി ചേര്‍ന്നുള്ള ഐ.എച്ച്.സി.എല്ലിന്റെ ആദ്യ പ്രൊജക്ടാണിത്.
പ്രീമിയം അപ്പാര്‍ട്ട്‌മെന്റ്
പദ്ധതിയുടെ ഭാഗമായ അപ്പാര്‍ട്ട്‌മെന്റുകളുടെ വില ആരംഭിക്കുന്നത് 6.5 കോടി രൂപ മുതലാണ്. 2,500 മുതല്‍ 5,900 ചതുരശ്ര അടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ കൂടിയ വില 19 കോടി രൂപ വരെയാണ്. സമാന രീതിയിലുള്ള പദ്ധതികള്‍ ഭാവിയില്‍ നടപ്പിലാക്കുമെന്ന സൂചന നല്‍കിയ ഐ.എച്ച്.സി.എല്‍ എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്‌വാല്‍ ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈയിലെ ഏറ്റവും ഉയരംകൂടിയ ഹോട്ടല്‍ ടവറും അപ്പാര്‍ട്ട്‌മെന്റുമായി ഈ പ്രൊജക്ട് മാറും. 23 നിലകളാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളത്. മധ്യ ചെന്നൈയിലെ 3.5 ഏക്കറിലാണ് പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്.
Related Articles
Next Story
Videos
Share it