

ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷനായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് പുതിയ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചു. എഎന്‍കെ ഹോട്ടല്‍സ് ലിമിറ്റഡ്, പ്രൈഡ് ഹോസ്പിറ്റാലിറ്റി എന്നീ കമ്പനികളുടെ ഭൂരിപക്ഷ ഓഹരികളാണ് 204 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കുന്നത്.
ദ ക്ലാര്‍ക്ക്‌സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് എന്ന ബ്രാന്‍ഡിലാണ് എഎന്‍കെ ഹോട്ടല്‍സിന്റെ പ്രവര്‍ത്തനം. ഇവര്‍ക്ക് മൂന്നാറില്‍ അടക്കം ആഡംബര ഹോട്ടലുകളുണ്ട്. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ 110 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് സ്വന്തമാക്കുന്നത്. ഏറ്റെടുക്കലിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി.
എഎന്‍കെ ഹോട്ടല്‍സിന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലായി 111 ഹോട്ടലുകളുണ്ട്. ഇതില്‍ 67 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2025 സാമ്പത്തികവര്‍ഷം 14.32 കോടി രൂപയായിരുന്നു വരുമാനം. 1996ല്‍ സ്ഥാപിതമായ ഈ ഹോട്ടല്‍ ശൃംഖലയുടെ ആസ്ഥാനം ഉത്തര്‍പ്രദേശിലെ ലക്‌നൗവാണ്. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്കയിലും സാന്നിധ്യമുണ്ട്.
1988ല്‍ പൂനെ ആസ്ഥാനമായി തുടക്കമിട്ടതാണ് പ്രൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഡെല്‍ഹി അടക്കം ഒട്ടുമിക്ക വന്‍കിട നഗരങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗം വരും വര്‍ഷങ്ങളില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ടൂറിസം രംഗത്ത് രാജ്യത്ത് വരും വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്നാണ് നിരീക്ഷണം. വിപണി സാന്നിധ്യം വര്‍ധിപ്പിക്കുന്നതുവഴി ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് കരുതുന്നു.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 2,041 കോടി രൂപയും ലാഭം 329 കോടി രൂപയുമായിരുന്നു. മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ ലാഭത്തിലും വരുമാനത്തിലും വലിയ വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നത് കമ്പനിയുടെ ഓഹരിവില ഇന്ന് രാവിലെ 1.5 ശതമാനത്തോളം ഉയര്‍ത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine