ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും ഇറാം സ്‌കില്‍സും കൈകോര്‍ക്കുന്നു

ഇറാം സ്‌കില്‍സ് അക്കാദമിയുടെ ഓട്ടോമോട്ടീവ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിലെ പങ്കാളികള്‍ക്കായാണ് ആദ്യഘട്ടത്തില്‍ ഈ പരിശീലനം നല്‍കുന്നത്.
ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും ഇറാം സ്‌കില്‍സും കൈകോര്‍ക്കുന്നു
Published on

ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ഇറാം സ്‌കില്‍സ് അക്കാദമിയും തമ്മില്‍ തന്ത്രപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വളര്‍ന്നുവരുന്ന അത്യാധുനിക സാങ്കേതിക മേഖലകളില്‍ വ്യവസായ ലോകത്തിന് അനുയോജ്യമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ സംയുക്തമായി നടപ്പിലാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങള്‍, സൗരോര്‍ജം, ബാറ്ററി സാങ്കേതികവിദ്യ, ഡ്രോണുകള്‍, പവര്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചാസാധ്യതയുള്ള മേഖലകളില്‍ ഭാവിയിലേക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കാനും, ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാനും ഈ കൂട്ടായ്മ സഹായിക്കും.

ഈ പങ്കാളിത്തത്തിന്റെ ആദ്യപടിയായി അഞ്ച് ദിവസത്തെ ഇലക്ട്രിക് വെഹിക്കിള്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇറാം സ്‌കില്‍സ് അക്കാദമിയുടെ ഓട്ടോമോട്ടീവ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിലെ പങ്കാളികള്‍ക്കായാണ് ആദ്യഘട്ടത്തില്‍ ഈ പരിശീലനം നല്‍കുന്നത്.

ഐഐടി പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ. ശേഷാദ്രി ശേഖറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഇറാം ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു.

ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. വിജയ് മുരളിധരന്‍, സിഇഒ ഡോ. സായ് ശ്യാം നാരായണന്‍, സിഒഒ ഡോ. റിജേഷ് കൃഷ്ണ, ടെക്കിന്‍ സിഒഒ മിഥു ഉണ്ണിത്താന്‍, ഇറാം ഹോള്‍ഡിംഗ്‌സ് റീജിയണല്‍ ഡയറക്ടര്‍ ബിജോയ് ദേവദാസ്, ഇറം പവര്‍ ഇലക്ട്രോണിക്‌സ് സിഇഒ ജേക്കബ് തോമസ്, ഇറാം സ്‌കില്‍സ് അക്കാദമി ജനറല്‍ മാനേജര്‍ ഓസ്റ്റിന്‍ എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

2020ല്‍ ഐഐടി പാലക്കാട് സ്ഥാപിച്ച ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 25 ടെക്‌നോളജി ഇന്നൊവേഷന്‍ ഹബുകളില്‍ ഒന്നാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com