എണ്ണപ്പാടത്ത് പ്രതിസന്ധി ഉരുണ്ടുകൂടുന്നു, ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ വരുമാനം കുറയും, വളര്‍ച്ചാ നിരക്ക് വെട്ടിച്ചുരുക്കി ഐ.എം.എഫ്

മിക്ക രാജ്യങ്ങളിലും നാണ്യ പെരുപ്പത്തിനും സാധ്യത; ബദല്‍ വരുമാന മാര്‍ഗങ്ങള്‍ തേടണമെന്ന് സാമ്പത്തിക വിദഗ്ധര്‍
Gulf economy
Gulf economy image Credit : canva
Published on

ആഗോള മാന്ദ്യം ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ വരുമാനം കുറക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 2025 വര്‍ഷത്തില്‍ നേരത്തെ കണക്കാക്കിയതിനേക്കാള്‍ കുറവുണ്ടാകുമെന്നാണ് നിഗമനം. പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ് എന്നിവരുടെ വരുമാനത്തെയാണ് ഇത് മുഖ്യമായി ബാധിക്കുക.

ബാരലിന് ആറ് ഡോളര്‍ കുറയും

ഗള്‍ഫ്-അഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണകയറ്റുമതിയില്‍ നിന്നുള്ള പ്രതീക്ഷിത വരുമാനത്തില്‍ ഈ വര്‍ഷം 2.3 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ പുതിയ കണക്ക്. ഒക്ടോബറിലേക്കുള്ള വളര്‍ച്ചാ പ്രതീക്ഷ നിരക്കില്‍ 1.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണ വിലയില്‍ ഈ വര്‍ഷം ശരാശരി 6 ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബാരലിന് 66.9 ശതമാനമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ശരാശരി വില. ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം കൂടമെങ്കിലും ഡിമാന്റിലുണ്ടാകുന്ന കുറവ് വില കുറയാന്‍ കാരണമാകും. ബ്രെന്റ് ക്രൂഡ് വില ഈ വര്‍ഷം 15 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.

ബാധിക്കുന്ന രാജ്യങ്ങള്‍

മിക്ക ഗള്‍ഫ്-ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പ്രധാന വരുമാനം എണ്ണയില്‍ നിന്നാണെങ്കിലും ഈ വര്‍ഷം കൂടുതല്‍ തിരിച്ചടി നേരിടുന്നത് ഇറാഖും സൗദി അറേബ്യയുമാകുമെന്നാണ് ഐഎംഎഫിന്റ വിലയിരുത്തല്‍. ഇറാഖിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 1.5 ശതമാനവും സൗദിയുടേത് 1.6 ശതമാനവും ഇടിയാന്‍ എണ്ണവില പ്രതിസന്ധി കാരണമാകുമെന്നും ഐഎംഎഫിന്റെ സാമ്പത്തിക നിരീക്ഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നാണ്യപെരുപ്പം വര്‍ധിക്കുന്നതിനും എണ്ണയുടെ വിലയിടിവ് കാരണമായേക്കുമെന്നും ആശങ്കയുണ്ട്.

ബദല്‍ മാര്‍ഗങ്ങള്‍ തേടണം

ഐഎംഎഫിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബദല്‍ വരുമാന മാര്‍ഗങ്ങളെ ശക്തിപ്പെടുത്തേണ്ടി വരുമെന്നാണ് മേഖലയിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചക്കൊപ്പം നികുതി വരുമാനം കൂട്ടുന്നതിനും ശ്രമങ്ങള്‍ നടത്തേണ്ടി വരും. 2022 മുതല്‍ എണ്ണ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഗള്‍ഫ് സമ്പദ് വ്യവസ്ഥയില്‍ പ്രതികൂലമായ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് പല രാജ്യങ്ങളും ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി വരികയാണ്. പുതിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്ക് അനുവാദം നല്‍കി വിദേശികള്‍ ഉള്‍പ്പടെയുള്ള നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളും ഗള്‍ഫില്‍ സജീവമാണ്. സൗദി അറേബയില്‍ അവികസിത പ്രദേശങ്ങളില്‍ നിര്‍മാണങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇത്തരം പദ്ധതികള്‍ക്കുള്ള നികുതി 2.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനവും മിക്ക ഗള്‍ഫ് രാജ്യങ്ങളും അടുത്തിടെ എടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com