

അമേരിക്കയെയും ബ്രിട്ടനെയും പോലെ ജിഡിപിയുടെ 10 ശതമാനം വരുന്ന ഉത്തേജക പാക്കേജ് നടപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അന്താരാഷ്ട്ര പ്രശസ്തനായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. കൂടുതല്‍ ഫലപ്രദമായ നടപടികളിലൂടെ ഇന്ത്യയെ വിദേശ നിക്ഷേപത്തിന് അനുകൂലമാക്കി മാറ്റേണ്ടതുണ്ടെന്നും എലിസബത്ത് രാജ്ഞിയുടെ സീനിയര്‍ അഡ്വക്കേറ്റ് കൗണ്‍സെല്‍ കൂടിയായ അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു.
മൂലധന അക്കൗണ്ട് ഇടപാടുകളുടെ വിശദംശങ്ങള്‍ കീറിമുറിച്ച് സംരംഭകര്‍ക്ക് അനാവശ്യ ക്ലേശങ്ങളുണ്ടാക്കുന്നതൊഴിവാക്കണമെന്ന് ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ വായ്പാ സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ഇന്ത്യന്‍ ബാങ്കുകള്‍ അമിതമായി വായ്പ നല്‍കിയിട്ടുണ്ടെന്ന വാദം ശരിയല്ല. അതേസമയം, തെറ്റായ ആളുകള്‍ക്കും ശരിയല്ലാത്ത കാര്യങ്ങള്‍ക്കുമായി വളരെയധികം വായ്പ നല്‍കിയെന്നതാണു പ്രശ്‌നം- അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിഡിപിയുടെ 10% ഉത്തേജക പാക്കേജ് നടപ്പാക്കുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെന്ന് താന്‍ കരുതുന്നില്ല. സാമ്പത്തിക, വാണിജ്യ ലോകത്തെ ഏറ്റവും മികച്ച ചില മനസുകളിലേക്ക് ഇന്ത്യാ ഗവണ്‍മെന്റിന് പ്രവേശനമുണ്ടെന്നത് വളരെ അനുകൂല ഘടകമാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി ശക്തമാണ്. നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ചു തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട് പ്രധാനമന്ത്രിക്ക്. അത്തരമൊരു സാഹചര്യത്തില്‍ ശക്തമായ ഉത്തേജക പാക്കേജ് ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇന്ത്യക്ക് പ്രയാസമില്ല.
കോവിഡ് -19 കാരണം ചൈനയില്‍ നിന്ന് പുറത്തുപോയ ഉത്പാദക കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യക്കു സാധിക്കണം. അതിനായി പ്രധാന തൊഴില്‍ പരിഷ്‌കാരങ്ങളും വിവേകപൂര്‍ണ്ണമായ ഭൂമി ഏറ്റെടുക്കല്‍ നയങ്ങളും വേണ്ടിവരും. ലോകത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ സമൂഹമാണ് ഇന്ത്യയിലേത്. യുവജനങ്ങള്‍ ഏറിനില്‍ക്കുന്നു ജനസംഖ്യയിലെന്നതും നേട്ടമാണ്. മാത്രമല്ല ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി മത്സരിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ വേതനത്തില്‍ ധാരാളം വിദ്യാസമ്പന്നര്‍ ഇവിടെ ലഭ്യം. ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതിന് വെല്ലുവിളിയായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ.
ഒന്നാമതായി, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനങ്ങളുടെയും നികുതി വകുപ്പുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ റെഗുലേറ്ററി വകുപ്പുകള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കേണ്ടതുണ്ട്. എല്ലാ തരത്തിലുമുള്ള ബിസിനസും അടച്ചുപൂട്ടി വരുമാനം അപ്രത്യക്ഷമാകുന്ന സമയത്ത് നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ യുവ നികുതി ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ ശുപാര്‍ശ ഈ വകുപ്പുകളുടെ മാനസികാവസ്ഥ വെളിവാക്കുന്നു. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ധനകാര്യ സ്ഥാപനങ്ങളിലെ അഴിമതി വലയം ചെയ്യുന്നുണ്ട്. നിസ്സംശയമായും ഈ രംഗത്ത അടിയന്തിര അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. എന്നാല്‍, ഇന്ത്യയെ ആവാസ യോഗ്യമല്ലാത്ത ആവാസവ്യവസ്ഥയായി നിക്ഷേപകര്‍ കാണാനിടയാക്കുന്ന ഒരു നടപടിയും സ്വീകരിക്കേണ്ട സമയമല്ല ഇത്. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ പ്രധാനമാണ്. തൊഴില്‍ പരിഷ്‌കാരങ്ങളും നിര്‍ബന്ധമാണ്. പക്ഷേ, ദുഷ്‌കരമായ അവസ്ഥയില്‍ നിന്ന് രാജ്യം പുറത്തുവരുമ്പോള്‍ തൊഴില്‍ പരിഷ്‌കരണം നടപ്പാക്കുക ആശാസ്യമല്ല.
ആഭ്യന്തര വായ്പ യു.എസില്‍ ജിഡിപിയുടെ 187 % ആണ്. ലോക ശരാശരി 129 %. ഇന്ത്യയുടെ ശരാശരി 50% മാത്രമെന്നത് ആശ്വാസകരമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂലധന വിപണിയിലെ ആഴത്തിന്റെ അഭാവവും വിപണിയില്‍ ദ്രവ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും പുനഃപരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍ വളരെയധികം വായ്പ നല്‍കിയിട്ടുണ്ടെന്ന പൊതുവായ ധാരണയുണ്ട് - ഇത് ശരിയല്ല. ഇന്ത്യന്‍ ബാങ്കുകള്‍ തെറ്റായ ആളുകള്‍ക്ക് ധാരാളം വായ്പ നല്‍കിയതും തെറ്റായ കാരണങ്ങള്‍ക്കു നല്‍കിയതും ഭരണ തലത്തിലെ ക്രമക്കേടുകള്‍ മൂലമാണ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് തെളിഞ്ഞു. രാഷ്ട്രീയ മേധാവിത്വം ഒഴിവാക്കിയിട്ടുണ്ടെങ്കിലും , ബാങ്കുകളെ അവയുടെ കാലില്‍ നിര്‍ത്താന്‍ താഴത്തെ നിലയില്‍ ഇനിയും വളരെയധികം പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.
അന്താരാഷ്ട്ര തലത്തിലെ ചെലവു കുറഞ്ഞ മൂലധനത്തിലേക്ക് സുഗമമായ പ്രവേശനം യാഥാര്‍ത്ഥ്യമായാലേ ആഭ്യന്തര വായ്പാ നിരക്ക് കുറയ്ക്കാന്‍ കഴിയൂ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റിന് -ഫെമ- എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടുവെന്നാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാട്. വിദേശനാണ്യ ബാലന്‍സ് മെച്ചപ്പെട്ട അവസ്ഥയില്‍ നിലനില്‍ക്കുന്നതും റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ വഴി എല്ലായ്‌പ്പോഴും രൂപയെ സംരക്ഷിച്ച് സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള കരുത്തു നിലനിര്‍ത്താന്‍ കഴിയുന്നതും അഭിനന്ദനീയമാണ്. ഒരു പരമാധികാര രാജ്യത്ത് മാക്രോ തലത്തില്‍ വിദേശനാണ്യത്തിന്റെ നിയന്ത്രണം എപ്പോള്‍ വേണമെങ്കിലും വീണ്ടും നടപ്പാക്കാവുന്നതേയുള്ളൂ.
മൂലധന അക്കൗണ്ട് ഇടപാടുകളുടെ കഴുത്തു ഞെരിച്ച് ബിസിനസ്സുകളെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള വിശദാംശങ്ങള്‍ തേടുന്നത് അവസാനിപ്പിക്കണം.ഇത്തരം അനാവശ്യ കാര്യങ്ങള്‍ തുടര്‍ന്നുകൂടാ.അതിനു പകരമായി നമ്മുടെ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ഈ സമയത്ത് ഏറ്റവും ആവശ്യമായ മറ്റ് പല കാര്യങ്ങളും ചെയ്യുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസര്‍മാരെ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയും. കമ്മി നികത്താന്‍ ധനസഹായം അനുവദിക്കുകയാണ് സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതിനുള്ള ഇപ്പോഴത്തെ അഭിലഷണീയ മാര്‍ഗം. റിസര്‍വ് ബാങ്ക് കൂടുതല്‍ പണം അച്ചടിക്കുകയും അത് വീണ്ടും സിസ്റ്റത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിലൂടെ സമ്പദ്വ്യവസ്ഥയ്ക്കു വീണ്ടും ചലനമുണ്ടാകുമെന്ന് ഹരീഷ് സാല്‍വെ കരുതുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine