

തമിഴ്‌നാട്ടില്‍ നിന്ന് അദാനി ഗ്രൂപ്പിന് തിരിച്ചടി. വൈദ്യുതി സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങാനുള്ള ആഗോള ടെന്‍ഡര്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഏറ്റവും കുറഞ്ഞ തുകക്ക് സ്മാര്‍ട്ട് മീറ്റര്‍ നല്‍കാനുള്ള ടെന്‍ഡറാണ് അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് നല്‍കിയിരുന്നത്. ഇതിനിടയില്‍ തന്നെയാണ് ടെന്‍ഡര്‍ റദ്ദാക്കല്‍.
82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള 19,000 കോടി രൂപയുടെ കേന്ദ്ര സഹായ പദ്ധതിയാണ് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പെട്ട് എന്നിവ അടക്കം എട്ടു ജില്ലകളില്‍ നടപ്പാക്കുന്നത്. കാര്‍ഷികേതര കണക്ഷനുകള്‍ എല്ലാം സ്മാര്‍ട്ട് മീറ്ററാക്കാനാണ് ഉദ്ദേശം.
ഉയര്‍ന്ന ചെലവാണ് ടെന്‍ഡര്‍ റദ്ദാക്കാന്‍ കാരണമായി പറയുന്നത്. പല ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദാനി എനര്‍ജി സൊല്യൂഷന്‍സ് കാണിച്ച തുക കുറക്കാന്‍ തയാറായില്ലെന്ന് തമിഴ്‌നാട് ഊര്‍ജോല്‍പാദന-വിതരണ കോര്‍പറേഷന്‍ വിശദീകരിക്കുന്നു. ഭരണപരമായ കാരണങ്ങള്‍ വിശദീകരിച്ച് മറ്റു മൂന്നു ടെന്‍ഡറുകളും ഇതിനൊപ്പം റദ്ദാക്കി.
അദാനിക്കെതിരായ അമേരിക്കന്‍ കുറ്റപത്രത്തിനു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ മനംമാറ്റം. കരാര്‍ നേടുന്നതിന് അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ പലര്‍ക്കും കോഴ നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. അദാനിയുടെ ഇടപാടുകളെക്കുറിച്ച് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സമര മുഖത്താണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തില്‍ പ്രധാന സഖ്യകക്ഷിയാണ് ഡി.എം.കെ.
സ്റ്റാലിനും ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടന്നുവെന്ന വിവാദവും ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ പുകയുന്നുണ്ട്. അത് സ്റ്റാലിന്‍ നിഷേധിച്ചു. താന്‍ അദാനിയേയോ, അദാനി തന്നെയോ കണ്ടിട്ടില്ലെന്ന് സ്റ്റാലിന്‍ വിശദീകരിച്ചു.
അദാനി എനര്‍ജി സൊല്യൂഷന്‍സ് സമാനമായ പദ്ധതികള്‍ മഹാരാഷ്ട്രയിലും ബിഹാറിലും നടപ്പാക്കി വരുന്നുണ്ട്. ഇവിടങ്ങളില്‍ നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് തമിഴ്‌നാട്ടില്‍ സ്മാര്‍ട്ട് മീറ്റര്‍ ടെന്‍ഡറിന് ക്വോട്ട് ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine