സ്‌പേസ് എക്‌സിന്റെ റോക്കറ്റിലേറി ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹം ബഹിരാകാശത്തേക്ക്

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സുമായി കൈകോര്‍ത്തു. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്-എന്‍ 2 വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

ഐ.എസ്.ആര്‍.ഒയുടെ ഈ വര്‍ഷത്തെ പ്രധാന ഉപഗ്രഹവിക്ഷേപണ ദൗത്യങ്ങളിലൊന്നാണിത്. ഫാല്‍ക്കാന്‍ 9 റോക്കറ്റ് ജിസാറ്റ് എന്‍ 2വിനെ ഭൂമിയില്‍ നിന്ന് 37,000 കിലോമീറ്റര്‍ അകലെയുള്ള ജിയോ സിങ്ക്രണൈസ് ഭ്രമണപഥത്തില്‍ എത്തിക്കും. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് (എന്‍.എസ്.ഐ.എല്‍) ജിസാറ്റ്-എന്‍ 2വിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും നിയന്ത്രണവും കൈകാര്യം ചെയ്യുക.

ഭാരം കൂടിയ ഉപഗ്രഹമായതിനാലാണ് ജിസാറ്റ്-എന്‍ 2വിന്റെ വിക്ഷേപണത്തിന് ഹെവി ലിഫ്റ്റ് ലോഞ്ചറായ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സേവനം തേടുന്നത്. 4,700 കിലോ ഗ്രാമാണ് ജിസാറ്റ് -20യുടെ ഭാരം. നിലവില്‍ ഐ.എസ്.ആര്‍.ഒയുടെ പക്കലുള്ള ഏറ്റവും ശക്തമായ എല്‍.വി.എം 3 റോക്കറ്റിന് 4,000 കിലോ വരെ മാത്രമേ വഹിക്കാനാകൂ. ജിസാറ്റ് ശ്രേണിയില്‍ ജിസാറ്റ്-24 ആണ് ഇതിന് മുന്‍പ് വിക്ഷേപിച്ചത്.

വിദൂര പ്രദേശങ്ങളില്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ്-എന്‍ 2 വിക്ഷേപിക്കുന്നത്. ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ 48 ജി.ബി.പി.എസ് കപ്പാസിറ്റിയില്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കും. നിലവില്‍ 11 ആശയവിനിമയ ഉപഗ്രഹങ്ങളാണ് ന്യൂ സ്‌പേസ് ഇന്ത്യ സ്വന്തമായി പ്രവര്‍ത്തിപ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it