Begin typing your search above and press return to search.
ഇടുക്കിയിൽ തിങ്കളാഴ്ച ജലവിമാനം ഇറങ്ങുന്നു, ടൂറിസം സാധ്യതകളിൽ പുതുപ്രതീക്ഷ; മുൻകാല വിവാദങ്ങൾക്ക് വിട
ഇടുക്കിയുടെ ടൂറിസം സാധ്യതകളിലേക്ക് പുതിയ പ്രതീക്ഷയായി ജലവിമാനം തിങ്കളാഴ്ച പറന്നിറങ്ങുന്നു. സീപ്ലെയിൻ അഥവാ ജലവിമാനം കൊച്ചിയിൽ നിന്ന് മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ഇതാദ്യമായി ഇറങ്ങുന്നത്. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11ന് രാവിലെ 9.30ന് വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കൽഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 11ന് മാട്ടുപ്പെട്ടിയിൽ എത്തുന ജലവിമാനത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
കെ.എസ്.ഇ.ബിയുടെ പള്ളിവാസൽ ജലവൈദ്യൂത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടി. കൊച്ചിയിൽ നിന്നു മാത്രമല്ല കോഴിക്കോടു നിന്നും മറ്റും ഇവിടേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയും. ഇത് വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും. മൂന്നാറിന്റെയും പശ്ചിമ ഘട്ടത്തിന്റെയും ആകാശവീക്ഷണം യാത്രക്കാർക്ക് ആവേശകരമായ അനുഭവം സമ്മാനിക്കും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നത് ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, ചന്ദ്രഗിരി പുഴ, കോവളം തുടങ്ങിയ സ്ഥലങ്ങളിൽ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീ പ്ലെയിൻ ടൂറിസ സർക്യൂട്ട് രൂപപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
2013ൽ ജലവിമാനം എത്തിയപ്പോൾ ഉയർന്നു പൊങ്ങിയത് വിവാദം
കേരളത്തിൽ ടൂറിസം വികസനത്തിൽ പുതിയ സാധ്യതയായി 2013ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ജലവിമാന പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിവാദങ്ങളെ തുടർന്ന് ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. രാഷ്ട്രീയമായ എതിർപ്പിനൊപ്പം മത്സ്യബന്ധന മേഖലയെ ബാധിക്കുമെന്ന ആശങ്ക കൂടി ഉയർന്നതോടെയാണ് പദ്ധതി മരവിച്ചത്. കായലിലെയും തടാകങ്ങളിലെയും ജലജീവികളുടെ ആവാസ വ്യവസ്ഥ തകർക്കുമെന്നാണ് ആശങ്ക ഉയർന്നത്. മത്സ്യ സമ്പത്തിനെയോ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗത്തെയോ ബാധിക്കില്ലെന്ന ഉറപ്പുകൾ ഫലിച്ചില്ല. വിവിധ കമ്പനികൾ സർവീസ് നടത്താൻ തയാറായെങ്കിലും നടന്നില്ല. കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി പ്രകാരം ഗുജറാത്തിലെ സർദാർ സരോവർ,ഏകതാ പ്രതിമ എന്നിവയെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് ഉണ്ട്.
Next Story
Videos