പാക്കിസ്ഥാനെ അമ്പരപ്പിച്ച് 'മിഷന്‍ കാബൂള്‍', ഇന്ത്യന്‍ നീക്കം മറ്റൊരു തലത്തിലേക്ക്; ഇനി യുദ്ധം വാണിജ്യ മാര്‍ഗത്തില്‍!

ഇന്ത്യയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് അഫ്ഗാൻ്റേത്. ഈ അനുകൂല നയംമാറ്റം പരമാവധി മുതലെടുക്കാനാണ് ഇന്ത്യയുടെ നീക്കം.
narendra modi afganistan
Published on

പാക്കിസ്ഥാനെയും അവര്‍ക്ക് പിന്തുണ നല്കുന്ന ചുരുക്കം ചില രാജ്യങ്ങളെയും രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തുകയാണ് ഇന്ത്യ. അതേസമയം, തന്നെ പാക്കിസ്ഥാനുമായി ശത്രുതയുള്ള രാജ്യങ്ങളെയും ഗ്രൂപ്പുകളെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാരില്‍ നിന്ന് വരുന്നുണ്ട്. പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ബലൂചിസ്ഥാന്‍ വിഷയം ഇന്ത്യ രാജ്യാന്തര വേദികളില്‍ ഉന്നയിക്കാറുണ്ട്.

ഇപ്പോഴിതാ, പാക്കിസ്ഥാനുമായി ഇടഞ്ഞു നില്‍ക്കുന്ന അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വിശാലമാക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുക്താക്കിയുമായി ഇന്ത്യന്‍ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു.

പാക്കിസ്ഥാനെ ഞെട്ടിച്ച നീക്കം

കഴിഞ്ഞ ദിവസം അട്ടാരി അതിര്‍ത്തിയിലൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 160 ട്രക്കുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. അഫ്ഗാനില്‍ നിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയായിരുന്നു ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നത്. താലിബാന്‍ വീണ്ടും അധികാരം പിടിച്ചതിനു ശേഷം പാക്കിസ്ഥാനുമായി അത്ര ലോഹ്യത്തിലല്ല. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് പോകുന്ന തരത്തില്‍ സംഘര്‍ഷം മുറുകുകയും ചെയ്തു.

അഫ്ഗാന്‍ പിന്തുണയുള്ള ഭീകരവാദ സംഘങ്ങള്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നിരന്തര ആക്രമണങ്ങള്‍ നടത്തുന്നതാണ് ഇസ്ലാമാബാദിനെ ചൊടിപ്പിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ അടുത്തിടെ പാക്കിസ്ഥാന്‍ രാജ്യത്തു നിന്ന് പുറത്താക്കിയിരുന്നു. ഇത് അഫ്ഗാനിലെ താലിബാന്‍ ഭരണാധികാരികളെ ചൊടിപ്പിച്ചിരുന്നു.

അഫ്ഗാനെ അടുപ്പിക്കാന്‍

ഇന്ത്യയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് അഫ്ഗാൻ്റേത്. ഈ അനുകൂല നയംമാറ്റം പരമാവധി മുതലെടുക്കാനാണ് ഇന്ത്യയുടെ നീക്കം. പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തെ ആദ്യം അപലപിച്ച രാജ്യങ്ങളിലൊന്നാണ് അഫ്ഗാന്‍. പാക്കിസ്ഥാനെ സംബന്ധിച്ച് അസ്വസ്ഥമാക്കുന്നതാണ് അഫ്ഗാന്റെ ഈ മാറ്റം. ഒരുകാലത്ത് ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനത്തിന് അഫ്ഗാനിലെ ഗ്രൂപ്പുകളെയായിരുന്നു പാക്കിസ്ഥാന്‍ സൈന്യം ഉപയോഗിച്ചിരുന്നത്. ഇത് പിന്നീട് പാക്കിസ്ഥാന് തന്നെ തിരിച്ചടിയാകുകയും ചെയ്തു.

ഇന്ത്യയുമായി തീരെ ചെറിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. എന്നിരുന്നാലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം വളരെ വലുതാണ്. അതുതന്നെയാണ് ഈ രാജ്യത്തെ ചേര്‍ത്തു നിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നതും. താലിബാന്റെ മുന്‍കാല ചെയ്തികള്‍ ബോധ്യമുള്ളതിനാല്‍ ആരോഗ്യകരമായ അകലം പാലിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

India strengthens trade ties with Afghanistan to diplomatically isolate Pakistan on the global stage

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com