വിദേശത്ത് പോകുന്ന എല്ലാവരും നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ആര്‍ക്കൊക്കെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അറിയൂ

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ തടയുക ഉദ്ദേശ്യം
Income tax clearance certificate
Image Courtesy: Canva, incometax.gov.in
Published on

അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നവര്‍ എല്ലാവരും നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാങ്ങണം എന്ന വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രം വ്യക്തതയുമായി രംഗത്തെത്തിയത്. നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഇത്തരമൊരു വ്യവസ്ഥയുണ്ടെന്ന് പറഞ്ഞാണ് വ്യാജ പ്രചാരണം ശക്തമാകുന്നത്.

നടക്കുന്നത് വ്യാജ പ്രചാരണം

സമൂഹ മാധ്യമങ്ങളിലാണ് നിലവില്‍ ഇത്തരം വ്യാജ പ്രചാരണം വ്യാപകമായി നടക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുളളവര്‍, വലിയ തോതില്‍ നികുതി കുടിശ്ശിക വരുത്തിയിട്ടുളളവര്‍ തുടങ്ങിയവര്‍ മാത്രമാണ് ആദായ നികുതി വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. ഇത്തരത്തിലുളളവരെ ലക്ഷ്യമിട്ടാണ് പുതിയ ബജറ്റില്‍ ഭേദഗതികള്‍ വരുത്തിയിട്ടുളളത്. എന്നാല്‍ വിദേശത്ത് പോകുന്ന എല്ലാവരും സര്‍ട്ടിഫിക്കറ്റ് നേടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക കുറ്റകൃത്യം ചെയ്ത പ്രതികളുടെ സാന്നിധ്യം അന്വേഷണ ഏജന്‍സികള്‍ക്ക് സ്വദേശത്ത് ആവശ്യമുണ്ടെങ്കിലോ, 10 ലക്ഷത്തിനു മുകളില്‍ നികുതി കുടിശ്ശിക വരുത്തിയിട്ടുളളവരോ മാത്രമാണ് സര്‍ട്ടിഫിക്കേറ്റ് സമ്പാദിക്കേണ്ടത്.

ആദായ നികുതി നിയമം, സ്വത്ത് നികുതി നിയമം, ഗിഫ്റ്റ് നികുതി നിയമം, ചെലവു നികുതി നിയമം തുടങ്ങിയവയില്‍ നികുതി ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതിനാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നത്. 1961 ആദായ നികുതി നിയമം 230ാം വകുപ്പ് അനുസരിച്ച് എല്ലാവര്‍ക്കും നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല.

കളളപ്പണം തടയുക ലക്ഷ്യം

കാരണം രേഖപ്പെടുത്തിയ ശേഷം മാത്രമാണ് ആളുകളോട് ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അല്ലെങ്കിൽ ഇൻകം ടാക്‌സ് ചീഫ് കമ്മീഷണർ തുടങ്ങിയ അധികൃതരുടെ പക്കല്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആവശ്യപ്പെടുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ ബജറ്റില്‍ 2015 ലെ കള്ളപ്പണ നിയമം സംബന്ധിച്ച പരാമർശം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തുന്നുണ്ട്. ഇത്തരത്തിലുളളവര്‍ അവരുടെ സാമ്പത്തിക ബാധ്യതകൾ തീർത്ത് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണമെന്നാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com