മലയാള സിനിമയില്‍ വീണ്ടും പിടിമുറുക്കി ഇഡി, കണ്ടെത്തിയത് വന്‍ ക്രമക്കേട്

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍. അനധികൃതമായ നിക്ഷേപങ്ങള്‍ സിനിമ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഇ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയത്. അടുത്തിടെ മലയാളത്തിലിറങ്ങിയ ചില ചിത്രങ്ങള്‍ക്ക് ഉപയോഗിച്ച പണത്തിന്റെ സ്രോതസ് സംബന്ധിച്ച സംശയങ്ങള്‍ ഏജന്‍സികള്‍ക്കുണ്ട്.

മലയാളത്തില്‍ ഈ വര്‍ഷം ബോക്‌സോഫീസില്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സൗബിന്‍ ഷാഹിറുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനയ്ക്ക് സമാന്തരമായി ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്.

വരവ് 148 കോടി രൂപ, ചെലവ് പൂജ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിനായി നിര്‍മാതാക്കള്‍ ഒരൊറ്റ രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന കണ്ടെത്തല്‍ പോലീസിനെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരേയുള്ള വഞ്ചന കേസിലാണ് കണ്ടെത്തല്‍. മറ്റ് നിരവധി പേരുടെ കൈയില്‍ നിന്ന് കോടികള്‍ വാങ്ങിയാണ് നിര്‍മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ലാഭവിഹിതം ഇവര്‍ക്ക് നല്‍കാന്‍ സൗബിന്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ തയാറായില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 148 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് കണ്ടെത്തല്‍. നിക്ഷേപകരായി വന്നവര്‍ 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ചിത്രത്തിനായി ചെലവായത് 19 കോടി രൂപ മാത്രമാണ്. നിക്ഷേപകര്‍ക്ക് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയതുമില്ല.

മലയാള സിനിമയില്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളുടെ എണ്ണം 200ന് മുകളിലാണ്. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ്. ഒന്നിലേറെ ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടും വീണ്ടും സിനിമയില്‍ പണംമുടക്കിയ നിര്‍മാതാക്കളും ഇക്കൂട്ടത്തിലുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണ് സിനിമയില്‍ നിക്ഷേപം നടത്തുന്നതെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുമുണ്ട്. വരും ദിവസങ്ങളില്‍ ഇ.ഡി അടക്കമുള്ള ഏജന്‍സികള്‍ കൂടുതല്‍ പരിശോധനയ്ക്ക് മുതിര്‍ന്നേക്കുമെന്നാണ് വിവരം.
Related Articles
Next Story
Videos
Share it