Begin typing your search above and press return to search.
കടുവയെ കിടുവ പിടിക്കാനിറങ്ങിയാല്‍? ആദായ നികുതി റീഫണ്ട് തട്ടിപ്പിന് ഓണ്‍ലൈനില്‍ കിടുവ ശല്യം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നല്ലൊരു പങ്ക് ആളുകളും റീഫണ്ടിന് കാത്തിരിക്കുന്ന സമയം. ആദായ നികുതി വകുപ്പിനും മുമ്പേ, റീഫണ്ട് നല്‍കാന്‍ സൈബറിടത്തില്‍ ഇറങ്ങിയിരിക്കുകയാണ് തട്ടിപ്പു വീരന്മാര്‍. മടുത്തുപോയ അധികൃതര്‍ നികുതി ദായകരെ ബോധവല്‍ക്കരിക്കാനുള്ള തീവ്രശ്രമത്തില്‍. അമളി പറ്റാതിരിക്കാന്‍ ജാഗ്രത വേണമെന്ന സന്ദേശം പുറത്തിറക്കേണ്ടി വന്നു, ആദായ നികുതി വകുപ്പിന്.
ഒന്നുകില്‍ ഒരു ഫോണ്‍ കോള്‍, അതല്ലെങ്കില്‍ പോപ് അപ് നോട്ടിഫിക്കേഷന്‍ -അങ്ങനെ പല രൂപത്തിലാണ് വ്യാജന്മാര്‍ വല വീശുന്നത്. നിങ്ങള്‍ക്ക് ആദായ നികുതി റീഫണ്ടി്‌ന് അര്‍ഹതയുണ്ടെന്ന് അറിയിക്കുന്നു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന മട്ടിലാണ് രംഗപ്രവേശം. അക്കൗണ്ടിലേക്ക് പണമിടാന്‍ അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യണമെന്നാണ് ആവശ്യം. ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ അതില്‍ പറഞ്ഞിട്ടുണ്ടാവും. അതു ശരിയാണോ എന്ന് മെസേജ് കിട്ടിയ ആളോട് ഉറപ്പു വരുത്താന്‍ ആവശ്യപ്പെടുന്നു. നികുതി ദായകന്‍ കുടുങ്ങാന്‍ ഇതില്‍പരം എന്തുവേണം?
എന്നാല്‍ ഇതിനോട് ഇ-മെയിലില്‍ പ്രതികരിക്കുകയോ, അത്തരക്കാര്‍ പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അരുതെന്ന് ഓര്‍മിപ്പിക്കുകയാണ് ആദായ നികുതി വകുപ്പ്. ഇത്തരം വിവരങ്ങളൊന്നും ഇ-മെയിലില്‍ അറിയിക്കാന്‍ ആവശ്യപ്പെടുന്ന രീതി ആദായ നികുതി വകുപ്പിനില്ലെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. വ്യാജസന്ദേശം കിട്ടിയാല്‍ webmanager@incometax.gov.in ലേക്ക് ഇമെയിലും സന്ദേശവും ഫോര്‍വേര്‍ഡ് ചെയ്യാനും ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
Next Story
Videos