

ആഗോള തലത്തില്‍ കപ്പല്‍ പൊളിക്കലില്‍ ഇന്ത്യയുടെ ആധിപത്യം വര്‍ധിച്ചതായി കണക്കുകള്‍. ബംഗ്ലാദേശിന്റെയും പാക്കിസ്ഥാന്റെയും ഈ രംഗത്തെ മുന്നേറ്റം അവസാനിപ്പിച്ചാണ് ഇന്ത്യ കപ്പല്‍ പൊളിക്കല്‍ ശക്തിയായി മാറിയത്.
2025ല്‍ ലോകത്ത് നടന്ന കപ്പല്‍ പൊളിക്കലിന്റെ 35.4 ശതമാനം ഇന്ത്യയിലായിരുന്നു. നിലവില്‍ ഇന്ത്യയ്ക്കാണ് ഒന്നാംസ്ഥാനം. 2024ല്‍ ഇന്ത്യയുടെ വിപണി വിഹിതം 30.1 ശതമാനമായിരുന്നു. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് (UNCTAD) ഈ വിവരങ്ങളുള്ളത്.
2025ല്‍ 2.99 മില്യണ്‍ ഗ്രോസ് ടണ്‍ ആയിരുന്നു ഇന്ത്യയുടെ പൊളിക്കല്‍. 2024ലെ 1.86 മില്യണ്‍ ഗ്രോസ് ടണ്ണില്‍ നിന്ന് 60 ശതമാനം വര്‍ധന. 2030ഓടെ ലോകത്തെ ഏറ്റവും വലിയ ഷിപ്പ് റീസൈക്ലിംഗ് രാജ്യമാകുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഈ ലക്ഷ്യം വര്‍ഷങ്ങള്‍ക്കും മുമ്പേ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 2030ഓടെ ആകെ പൊളിക്കുന്ന കപ്പലുകളുടെ പാതിയും ഇന്ത്യയിലാകുമെന്നാണ് വിലയിരുത്തല്‍.
മാരിടൈം രംഗത്ത് കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ തലത്തില്‍ നല്കുന്ന പിന്തുണ കപ്പല്‍ പൊളിക്കല്‍ രംഗത്ത് ഇന്ത്യയെ മുന്‍നിര ശക്തിയാക്കി മാറ്റിയിട്ടുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങളും വിദേശനാണ്യവും ഇതുവഴി രാജ്യത്തേക്ക് എത്തുന്നു.
ബംഗ്ലാദേശ് ആയിരുന്നു വര്‍ഷങ്ങളായി ഈ മേഖലയില്‍ മുന്നിലുണ്ടായിരുന്നത്. ചിറ്റഗോംഗ് മേഖല കപ്പല്‍ പൊളിക്കലിന് പേരുകേട്ടതായിരുന്നു. പാക്കിസ്ഥാനിലെ ഗദാനി ഷിപ്പ് ബ്രേക്കിംഗ് യാര്‍ഡും ഈ മേഖലയില്‍ മുന്നിലുണ്ട്. തുര്‍ക്കി, ചൈന രാജ്യങ്ങളും കപ്പല്‍ പൊളിക്കലില്‍ പ്രമുഖരാണ്. ലോകത്തെ കപ്പല്‍ പൊളിക്കലിന്റെ സിംഹഭാഗവും ദക്ഷിണേഷ്യയിലാണ്.
കപ്പല്‍ റീസൈക്ലിങ് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ക്രെഡിറ്റ് നോട്ട് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. റീസൈക്കിള്‍ ചെയ്യുന്ന കപ്പലിന്റെ സ്‌ക്രാപ് മൂല്യത്തിന്റെ 40 ശതമാനത്തിന് തുല്യമായ ക്രെഡിറ്റ് ഉടമകള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതിയ കപ്പലുകള്‍ വാങ്ങുമ്പോള്‍ ഈ ക്രെഡിറ്റ് ഉപയോഗിക്കാം.
ആഗോള കപ്പല്‍ ഉടമകളുടെ സംഘടനയുടെ കണക്കുകള്‍ പ്രകാരം, അടുത്ത പത്ത് വര്‍ഷത്തിനിടെ ലോകത്ത് 16,000ത്തിലധികം കപ്പലുകള്‍ റീസൈക്കിള്‍ ചെയ്യേണ്ടിവരും. നിലവില്‍ 35.4 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 500 മുതല്‍ 600 വരെ കപ്പലുകള്‍ റീസൈക്കിള്‍ ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine