
ഇന്ത്യന്‍ സംസ്‌ക്കാരവും ഭാഷയും മനസിലാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ വികസിപ്പിക്കാന്‍ ഇന്ത്യ. ചാറ്റ് ജി.പി.ടി, ഡീപ്സീക്, ജെമിനി മാതൃകയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ എ.ഐ മോഡല്‍ സാധ്യമാകുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 10,370 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇന്ത്യഎഐ മിഷന്റെ ഭാഗമായാണ് പുതിയ മോഡല്‍ വികസിപ്പിക്കുന്നത്. ഇതിനായുള്ള അടിസ്ഥാന മോഡല്‍ അധികം വൈകാതെ പുറത്തിറങ്ങും. സ്വകാര്യത കണക്കിലെടുത്ത് ചൈനീസ് എ.ഐ മോഡലായ ഡീപ്‌സീക്കിനെ ലോക്കല്‍ സെര്‍വറുകളിലാണ് ഹോസ്റ്റ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ പരീക്ഷണങ്ങള്‍ക്കായി 18,693 ജി.പി.യുകള്‍ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 10,000 ജി.പി.യുകള്‍ വിവിധ കമ്പനികള്‍ക്ക് വേണ്ടി ലഭ്യമാക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ എന്‍വിഡിയയുടെ ശേഷി കൂടിയ ചിപ്പുകളായ എച്ച്100എസ്, എച്ച്200എസ് എന്നിവയടക്കം ഇരട്ടിയോളം ചിപ്പുകള്‍ രാജ്യത്തിന് ലഭിച്ചു. വെറും 2,000 ജി.പി.യു ചിപ്പുകള്‍ ഉപയോഗിച്ചാണ് ചൈനീസ് കമ്പനിയായ ഡീപ്പ് സീക്കിന്റെ എ.ഐ മോഡല്‍ നിര്‍മിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, ഡെവലപേഴ്‌സ് തുടങ്ങി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ ചിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 150 രൂപയാണ് ചിപ്പ് ഉപയോഗിക്കുന്നതിനുള്ള നിരക്ക്. ശേഷി കുറഞ്ഞ ചിപ്പുകള്‍ക്ക് 115.85 രൂപ മതിയാകും. ഇതില്‍ 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കാനും പദ്ധതിയുണ്ട്
സ്വന്തം എ.ഐ മോഡല്‍ വികസിപ്പിക്കാനായി സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ഇതില്‍ തിരഞ്ഞെടുത്ത ആറ് കമ്പനികള്‍ അടുത്ത 4-6 മാസങ്ങള്‍ക്കുള്ളില്‍ ആദ്യ മോഡല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷയെന്ന് അശ്വനി വൈഷ്ണവ് വിശദീകരിച്ചു. ഏറിയാല്‍ 8-10 മാസങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എ.ഐ മോഡല്‍ നിര്‍മിക്കാന്‍ എത്ര രൂപ ചെലവാകുമെന്ന കാര്യം വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
Read DhanamOnline in English
Subscribe to Dhanam Magazine