ലോകത്തിന്റെ എഐ തലസ്ഥാനമായി ഡല്‍ഹി; 20ലേറെ രാഷ്ട്രത്തലവന്മാരും വന്‍കിട ടെക് കമ്പനി മേധാവികളും ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍

ഡല്‍ഹിയിലെ ഭാരത് മണ്ഡപമാണ് ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന സമ്മിറ്റിന് വേദിയൊരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മിറ്റ് ഉദ്ഘാടനം ചെയ്യും
ലോകത്തിന്റെ എഐ തലസ്ഥാനമായി ഡല്‍ഹി; 20ലേറെ രാഷ്ട്രത്തലവന്മാരും വന്‍കിട ടെക് കമ്പനി മേധാവികളും ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍
Published on

ദക്ഷിണേഷ്യയിലെ ആദ്യത്തെ എ.ഐ സമ്മിറ്റിന് ഡല്‍ഹിയില്‍ തുടക്കം. ഇന്ത്യ എ.ഐ ഇംപാക്ട് സമ്മിറ്റ് 2026 (India AI Impact Summit 2026) എന്നു പേരിട്ടിരിക്കുന്ന ഉച്ചകോടിയില്‍ ആഗോള ടെക് കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും 20ലേറെ രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.

എ.ഐ സമ്മിറ്റിനൊപ്പം എ.ഐ കമ്പനികളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ഭാരത് മണ്ഡപമാണ് ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന സമ്മിറ്റിന് വേദിയൊരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സമ്മിറ്റ് നടക്കുന്നത് എന്നതിനാല്‍ വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ എ.ഐ ഉപയോഗിച്ച് പരിഹരിക്കാം എന്നതിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് മുന്‍തൂക്കം നല്കുന്നത്. മുമ്പ് ബ്രിട്ടനിലും ദക്ഷിണ കൊറിയയിലും ഫ്രാന്‍സിലും സമാനമായ രീതിയില്‍ ഉച്ചകോടികള്‍ നടന്നിട്ടുണ്ട്.

പ്രഗത്ഭരുടെ നീണ്ടനിര

ഫ്രാന്‍സില്‍ നിന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ, സ്‌പെയിന്‍ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് എന്നിവര്‍ അതിഥികളായി എത്തുന്നുണ്ട്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഓപ്പണ്‍ എ.ഐ സിഇഒ സാം ആള്‍ട്ട്മാന്‍, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിവരും ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രമാകും. അഞ്ച് ദിവസങ്ങളിലായി 500ലധികം സെഷനുകള്‍ ഉച്ചകോടിയുടെ ഭാഗമായി നടക്കും.

സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കുന്ന എക്‌സ്‌പോയില്‍ 300ലധികം പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. അറുനൂറിലധികം എഐ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ സാങ്കേതിക വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. ഉച്ചകോടിക്കായി ലോകമെമ്പാടുമായി 35,000ലധികം രജിസ്‌ട്രേഷനുകളുണ്ട്.

ഭാരത് മണ്ഡപത്തിലേക്കുള്ള പ്രവേശനം 'ഡിജിയാത്ര' (DigiYatra) ആപ്പ് ഉപയോഗിച്ച് എളുപ്പമാക്കിയതായും സെഷനുകള്‍ 'ഇന്ത്യഎഐ' (IndiaAI) യൂട്യൂബ് ചാനല്‍ വഴി തത്സമയം കാണാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com