പാകിസ്ഥാന് 'ഇരട്ട' പ്രഹരം നല്കാന്‍ ഇന്ത്യ, ഗ്രേ ലിസ്റ്റ് പൊടിതട്ടിയെടുക്കാന്‍ കേന്ദ്രം; അണിയറയില്‍ ഒരുങ്ങുന്നത് ദ്വിമുഖ തന്ത്രം!

ജമ്മു കശ്മീരിലേക്കുള്ള അനധികൃത ഫണ്ടിന്റെ ഒഴുക്ക് തടയാൻ പാകിസ്ഥാനെ പട്ടികയിൽ ഉൾപ്പെടുത്തിയത് സഹായകരമായിരുന്നു
pakistan, modi
Image courtesy: Canva
Published on

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കടുത്ത നടപടികള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനായി നിരവധി നടപടികളാണ് ഇന്ത്യ പരിഗണിക്കുന്നത്. പാകിസ്ഥാനെതിരെ ഇരട്ട സാമ്പത്തിക പ്രഹരത്തിനാണ് ഇന്ത്യ നീക്കം നടത്തുന്നത്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) 'ഗ്രേ ലിസ്റ്റിലേക്ക്' തിരികെ കൊണ്ടുവരാനുളള നീക്കങ്ങളാണ് ഇതില്‍ പ്രധാനം. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്.എ.ടി.എഫ്.

ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന ഒഴുക്കിലും കടുത്ത നിയന്ത്രണങ്ങള്‍ വരും. പാകിസ്ഥാന്റെ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുന്നതായിരിക്കും നടപടി. എഫ്.എ.ടി.എഫ് 2018 ജൂണിൽ പാകിസ്ഥാനെ 'ഗ്രേ ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരുന്നു, 2022 ഒക്ടോബറിലാണ് ഇത് നീക്കം ചെയ്തത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള, പ്രത്യേകിച്ച് ജമ്മു കശ്മീരിലേക്കുള്ള അനധികൃത ഫണ്ടിന്റെ ഒഴുക്ക് തടയാൻ പാകിസ്ഥാനെ പട്ടികയിൽ ഉൾപ്പെടുത്തിയത് സഹായകരമായിരുന്നു.

40 രാജ്യങ്ങളാണ് എഫ്‌എ‌ടി‌എഫില്‍ അംഗങ്ങളായുളളത്. യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, യൂറോപ്യൻ കമ്മീഷൻ, ഗൾഫ് സഹകരണ കൗൺസിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളിൽ നിന്ന് പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങൾ ലഭിച്ചിരുന്നു.

ഐ.എം.എഫ്

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നല്‍കുന്ന ധനസഹായത്തിനെതിരെ എതിർപ്പുകൾ ഉന്നയിക്കാനും ഇന്ത്യ ഗൗരവമായി ആലോചിക്കുന്നുണ്ട്. 2024 ജൂലൈയിൽ ആരംഭിച്ച 700 കോടി ഡോളറിന്റെ സഹായ പാക്കേജ് തടയണമെന്ന ആവശ്യമാണ് പരിഗണിക്കുന്നത്. ഈ ഫണ്ടുകൾ ദുഷ്പ്രവൃത്തികൾക്കും ഭീകരാക്രമണങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.

കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ക്ഷീണിപ്പിക്കുന്നതാകും. 2025 ൽ പാകിസ്ഥാന്റെ ജിഡിപി ഏകദേശം 34,800 കോടി ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ 4.2 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്നിൽ താഴെയാണ്.

നാവികസേന മുന്നറിയിപ്പ്

അതേസമയം, പാകിസ്ഥാൻ എട്ടാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ചതോടെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള താമസക്കാർ ബങ്കറുകൾ തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. വെടിവെപ്പും ഷെല്ലാക്രമണങ്ങളും രൂക്ഷമായാല്‍ ജീവന്‍ രക്ഷിക്കുന്നതിനായി ബങ്കറുകളില്‍ അഭയം പ്രാപിക്കുന്നതിനു വേണ്ടിയാണ് ഇത്.

ഗുജറാത്തിന് പുറത്തുളള വടക്കൻ അറേബ്യൻ കടലിലെ പാതയില്‍ നിന്ന് മാറിനിൽക്കണമെന്ന് കപ്പലുകൾക്ക് നാവികസേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയുടെ സഹായത്തോടെ മേഖലയില്‍ പാകിസ്ഥാന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നുണ്ട്. ഏത് അപായ നീക്കങ്ങളും തടയാന്‍ ഇന്ത്യന്‍ നാവികസേനയും ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.

India targets Pakistan economically post-Pahalgam attack, aiming FATF gray list inclusion and IMF aid blockage.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com