

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കണ്ടുമുട്ടാനുള്ള വേദിയൊരുങ്ങുന്നു. അടുത്ത മാസം ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്ക് അവസരമൊരുക്കാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നയതന്ത്ര പ്രതിനിധികള്‍ ശ്രമം ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് തിരിച്ചെത്തിയത് ഇന്ത്യക്ക് പല മേഖലയിലും പ്രതിസന്ധിയാകുമെന്ന് വിലയിരുത്തപ്പെടുന്നതിനിടെയാണ് ട്രംപിനെ കാണുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി വേഗത്തില്‍ തയ്യാറെടുക്കുന്നത്. ഏറെ വൈകാതെ ട്രംപിനെ നേരില്‍ കാണുന്നത് ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ ബന്ധം ശക്തമാക്കുന്നതിനും കുടിയേറ്റ വിസകളുടെ കാര്യത്തില്‍ ഇന്ത്യക്ക് അനുകൂലമായ തീരുമാനമുണ്ടാക്കുന്നതിനുമാകും കൂടിക്കാഴ്ചയില്‍ നരേന്ദ്രമോഡി ശ്രമിക്കുകയെന്നാണ് സൂചനകള്‍. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന നികുതിയേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും അതേ രീതിയിലുള്ള നികുതി വര്‍ധനയുണ്ടാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. ഇറക്കുമതി നികുതിയുടെ കാര്യത്തില്‍ ഇന്ത്യ ചില ഇളവുകള്‍ മുന്നോട്ടു വെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടിയേറ്റക്കാരുടെ വിസകളുടെ കാര്യത്തില്‍ അമേരിക്ക കടുത്ത തീരുമാനങ്ങള്‍ എടുത്താല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ ദിവസം നടന്ന ട്രംപിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ചര്‍ച്ച നടത്തിയിരുന്നു. ടെക്‌നോളജി, പ്രതിരോധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളാണ് അമേരിക്കന്‍ എച്ച്1ബി വിസയില്‍ എത്തുന്നവരില്‍ ഏറെയും. വിസ നിയമങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ ജയശങ്കര്‍ മാര്‍ക്കോ റൂബിയോയുമായി പങ്കുവെച്ചിരുന്നു. മോഡി-ട്രംപ് കൂടിക്കാഴ്ചയില്‍ ഇക്കാര്യം സജീവ ചര്‍ച്ചയാകും.
2020 ഫെബ്രുവരിയിലാണ് ഡൊണാള്‍ഡ് ട്രംപ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. അന്ന് അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine