

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉത്തരവാദിയായ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യസുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. നേരിട്ടോ അല്ലാതെയോ ട്രാന്‍സിറ്റ് രൂപത്തിലോ ഉള്ള എല്ലാ തരം പാക് ഉത്പന്നങ്ങളുടെയും ഇറക്കുമതിയാണ് നിരോധിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇന്ത്യ-പാക് വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയായിരുന്ന വാഗ-അത്താരി അതിര്‍ത്തി 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ തന്നെ അടച്ചിരുന്നു. പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത് അടുക്കാന്‍ അനുവദിക്കില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്. പാക് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമപാതയില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്നും ചില മരുന്നുകള്‍, പഴങ്ങള്‍, എണ്ണക്കുരു തുടങ്ങിയ ഉത്പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയതോടെ പാക് ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ഉത്പന്നങ്ങളുടെ കേവലം 0.0001 ശതമാനം മാത്രമായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ളത്.
2019ന് മുമ്പ് 500 മില്യന്‍ ഡോളര്‍ (ഏകദേശം 4,200 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെന്നാണ് കണക്ക്. എന്നാല്‍ 2024 ഏപ്രില്‍ മുതല്‍ ജനുവരി 2025 വരെ ഇന്ത്യ ഇറക്കുമതി ചെയ്തത് 4,20,000 ഡോളര്‍ (ഏകദേശം 3.5 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങള്‍ മാത്രമാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തിലെ ഇറക്കുമതി 2.86 മില്യന്‍ ഡോളര്‍ (24.18 കോടി രൂപ) ആണെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
പ്രധാന അതിര്‍ത്തിയായ വാഗ-അത്താരി വഴിയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രധാനമായും ചരക്കുനീക്കം നടക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇതിലൂടെ 3,886.53 കോടി രൂപയുടെ ചരക്കുവിനിമയം നടന്നെന്നാണ് കണക്ക്. പാക് ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ പാകിസ്ഥാന്റെ ചെറുകിട വ്യവസായങ്ങളെയും വ്യാപാരികളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
1947ലെ വിഭജനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ പലതവണ വിള്ളലേറ്റിരുന്നു. എന്നാല്‍ ദുബായ് തുറമുഖം വഴി ഇന്ത്യാ-പാക് വ്യാപാരം തുടര്‍ന്നു. 2024 ഏപ്രില്‍ മുതല്‍ ജനുവരി 2025 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പാകിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 447.7 മില്യന്‍ ഡോളര്‍ (3,786 കോടി രൂപ) ആയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇന്ത്യന്‍ കയറ്റുമതി 1.1 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 9,303 കോടി രൂപ) എന്നും കണക്കുകള്‍ പറയുന്നു. പാകിസ്ഥാനിലേക്കുള്ള മരുന്നുകള്‍ അടക്കമുള്ളവയുടെ കയറ്റുമതിയാണ് ഇന്ത്യ നിറുത്തലാക്കിയത്.
India imposes a total import ban on Pakistan following the Pahalgam terror attack, escalating bilateral tensions and impacting regional trade
Read DhanamOnline in English
Subscribe to Dhanam Magazine