ഇന്ത്യയും ഏഷ്യന്‍ നൂറ്റാണ്ടും: അന്ന് ലോകസമ്പത്തിന്റെ പകുതിയും ഇന്ത്യക്കും ചൈനക്കും സ്വന്തം, വീണ്ടും തിരിച്ചെടുക്കാന്‍ സാധ്യതകളേറെ

ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുമ്പോഴും ജനങ്ങളുടെ ജീവിത നിലവാരം ശരാശരിക്കും താഴെയായി തുടരുമെന്നതാണ് മോശം വാര്‍ത്ത
indian market, indian people in street
canva
Published on

സമ്പദ് വ്യവസ്ഥ വളര്‍ന്നതുകൊണ്ട് മാത്രം ജനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകുമോ? സാമ്പത്തിക രംഗത്ത് നിന്ന് നല്ല വാര്‍ത്തകളും മോശം വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഈവര്‍ഷം അവസാനത്തോടെ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നതാണ് നല്ല വാര്‍ത്ത. 4.187 ലക്ഷം കോടി ഡോളര്‍ ജിഡിപിയുമായി ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് ലോകബാങ്ക് പഠനം.

എന്നാല്‍ ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുമ്പോഴും ജനങ്ങളുടെ ജീവിത നിലവാരം ശരാശരിക്കും താഴെയായി തുടരുമെന്നതാണ് മോശം വാര്‍ത്ത. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടിവരികയാണ്. മധ്യവര്‍ഗം അടുത്ത തലത്തിലേക്ക് വളരാന്‍ പാടുപെടുകയാണ്. ഐഎംഎഫിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2,880 ഡോളര്‍ മാത്രമാണ്. അതേസമയം ജപ്പാന്റേത് 33,960 ഡോളറാണ്. ചൈനയുടേതാകട്ടെ ഇന്ത്യയേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലും. അതിനര്‍ത്ഥം ഇന്ത്യ ഇപ്പോഴും മിതമായ പ്രതിശീര്‍ഷ വരുമാനമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യമായി തുടരുന്നു എന്നാണ്. അതേസമയം ജപ്പാനാകട്ടെ വികസിത വ്യാവസായിക സാങ്കേതിക ശക്തിയാണ്.

ആഗോള-ആഭ്യന്തര വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ച നിലനിര്‍ത്തി റാങ്കിംഗ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമോ? മുന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ജര്‍മനിയെ മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പലപഠനങ്ങളും പറയുന്നു. 2008-09ലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ 2010ലാണ് ചൈന ജപ്പാനെ മറികടന്നത്. അടുത്തിടെ ജര്‍മനിയും ജപ്പാന് മുന്നിലെത്തി. അതോടെ ജപ്പാന്‍ നാലാം സ്ഥാനത്തായി.

എന്നാല്‍ ട്രംപിന്റെ തീരുവകള്‍, യുക്രൈന്‍ യുദ്ധം തുടങ്ങിയവ കാരണം ജര്‍മനിയുടെയും ജപ്പാന്റെയും വളര്‍ച്ച മന്ദഗതിയിലായിക്കൊണ്ടിരിക്കുന്നു. ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ പല രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയെബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ മൂന്ന് സമ്പദ്വ്യവസ്ഥകളും തമ്മിലുള്ള അന്തരം അത്ര വലുതല്ല.

ഇന്ത്യയുടെ വലിയ യുവജന സംഖ്യ, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, കുറഞ്ഞ എണ്ണവില, വര്‍ധിച്ചു വരുന്ന ആഭ്യന്തര ഉപഭോഗം തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ 56 ശതമാനത്തിലധികം സംഭാവന ചെയ്യുന്നതും വളര്‍ച്ചയെ മുന്നോട്ട് ചലിപ്പിക്കുന്നതും ഉപഭോഗമാണ്. അടുത്തിടെ ഉണ്ടായ പലിശയിളവും ഉപഭോഗവും നിക്ഷേപവും വര്‍ധിപ്പിക്കും. അതേസമയം സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍, കൃഷി തുടങ്ങിയ മേഖലകളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മൂലധന ചെലവ് വര്‍ധിപ്പിക്കുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ബ്രിട്ടീഷ് ചരിത്രകാരനായ ആംഗസ് മാഡിസന്‍ പറയുന്നതനുസരിച്ച് 1700ല്‍ ലോകത്തെ ആകെ വരുമാനത്തിന്റെ പകുതിയോളം കയ്യടക്കിയിരുന്നത് ചൈനയും ഇന്ത്യയുമായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട കോളനിവല്‍ക്കരണമാണ് അവരുടെ സമ്പദ്വ്യവസ്ഥകള്‍ തകര്‍ത്തത്. ലോക സാമ്പത്തിക രംഗത്ത് നഷ്ടപ്പെട്ട ഇടം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളെന്നും 21-ാം നൂറ്റാണ്ട് വീണ്ടും ഏഷ്യന്‍ നൂറ്റാണ്ടായി മാറുകയാണന്നും അദ്ദേഹം പറയുന്നു.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com