
ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വീസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി യു.കെ സര്‍ക്കാര്‍. ഇന്ത്യന്‍ ഐടി, ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കുള്ള അധിക വീസയുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വര്‍ഷത്തില്‍ 100 അധിക വീസകള്‍ മാത്രമേ നല്‍കൂ എന്നാണ് യുകെയുടെ നിലപാട്. ലണ്ടനില്‍ ഇരു രാജ്യങ്ങളുടെയും വാണിജ്യകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ കൂടുതല്‍ വീസയെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമില്ല.
ഇന്ത്യന്‍ വാണിജ്യ, വ്യവസായകാര്യ മന്ത്രി പിയൂഷ് ഗോയലുമായി യുകെ വാണിജ്യമന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് നടത്തിയ ചര്‍ച്ചയില്‍, യുകെ നേരിടുന്ന കുടിയേറ്റ പ്രശ്‌നമാണ് വീസയുടെ എണ്ണം പരിമിതപ്പെടുത്താന്‍ പ്രാധാന കാരണമായി ചൂണ്ടിക്കാണിച്ചത്.
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള പ്രൊഫഷണല്‍വീസ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണുള്ളത്. ഐടി, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ യുകെയില്‍ പ്രൊഫഷണലുകളെ ആവശ്യമാണെങ്കിലും വര്‍ധിച്ചു വരുന്ന കുടിയേറ്റം, വീസ നിയന്ത്രണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായി ബ്രിട്ടീഷ് പത്രമായ പൊളിട്ടിക്കോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്കുള്ള വീസയില്‍ ഗണ്യമായ വര്‍ധന വേണമെന്ന് ചര്‍ച്ചയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
അതേസമയം, യുകെയില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്ന് മാസം തോറും സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് നല്‍കുന്ന തുക തിരിച്ചു നല്‍കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത് യുകെ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് പണം നല്‍കുന്ന ഇന്ത്യന്‍ ജീവനക്കാര്‍ക്ക് അതിന്റെ പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന യുകെയുടെ പുതിയ കാര്‍ബണ്‍ നികുതി പിന്‍വലിപ്പിക്കുന്നതിനും പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ശ്രമം നടത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ കാര്‍ബണ്‍ നികുതി ചുമത്താനാണ് യുകെയും ഒരുങ്ങുന്നത്. ഇന്ത്യ ഉള്‍പ്പടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിലവാരത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം, സിമന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഇത് ബാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളും ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പിയൂഷ് ഗോയല്‍ ലണ്ടനില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ബ്രിട്ടീഷ് സ്കോച്ച് വിസ്‌കിയുടെ നികുതി കുറക്കണമെന്ന ആവശ്യം യുകെ വാണിജ്യമന്ത്രി മുന്നോട്ടു വെച്ചു. യുകെയില്‍ നിന്ന് വരുന്ന വിസ്‌കിക്ക് ഇന്ത്യ 150 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് 50 ശതമാനമാക്കി കുറക്കണമെന്നാണ് ആവശ്യം.
യുകെ സന്ദര്‍ശനത്തിന് ശേഷം പിയൂഷ് ഗോയല്‍ യുറോപ്പിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും ഈ മാസം ആദ്യം യുകെ സന്ദര്‍ശിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine