

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉള്‍പ്പടെയുള്ള പാക്കിസ്ഥാനിലെ പ്രമുഖരുടെ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന നീക്കങ്ങളില്‍ ഒടുവിലത്തേതാണ് ഈ ഡിജിറ്റല്‍ വിലക്ക്. പ്രമുഖ പാക് ക്രിക്കറ്റ് താരങ്ങളുടെ ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചു.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടിയെടുത്തത്. രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ഈ യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. വിവിധ തലങ്ങളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ ഇന്ത്യാ വിരുദ്ധ കണ്ടന്റുകള്‍ ഉള്ളതായും ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും വിശദീകരണമുണ്ട്.
പ്രമുഖ പാക് ക്രിക്കറ്റ് താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരുടെ ഇന്‍സ്റ്റഗ്രാം പേജുകളും ഇന്ത്യ വിലക്കിയിട്ടുണ്ട്. അഫ്രീദി, ഷുഐബ് അക്തര്‍, ബാസിത് അലി എന്നിവരുടെ യൂട്യൂബ് ചാനലുകളും ഇന്ത്യയില്‍ ലഭിക്കില്ല. പാക്കിസ്ഥാനിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും അക്കൗണ്ടുകള്‍ ഇന്ത്യ പരിശോധിച്ചു വരികയാണ്. കൂടുതല്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine