

മിഡില്‍ഈസ്റ്റ് സംഘര്‍ഷത്തിന് താല്ക്കാലിക അറുതി വന്നതോടെ ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ വില ഇടിഞ്ഞിട്ടുണ്ട്. എണ്ണലഭ്യത വര്‍ധിച്ചതോടെ തന്ത്രപ്രധാന എണ്ണശേഖരം വീണ്ടും നിറയ്ക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഡിസ്‌കൗണ്ടില്‍ കൂടുതല്‍ എണ്ണ ലഭിച്ചുതുടങ്ങിയതോടെ പ്രതിദിനം 2.66 മില്യണ്‍ ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത്.
മെയ് മാസം റഷ്യന്‍ എണ്ണ വരവ് പ്രതിദിനം ശരാശരി 1.91 മില്യണ്‍ ബാരല്‍ വീതമായിരുന്നു. നിലവില്‍ ഇന്ത്യയുടെ മുന്‍നിര എണ്ണ വിതരണക്കാരാണ് റഷ്യ. ഡിസ്‌കൗണ്ട് നല്കാന്‍ റഷ്യ തയാറായതാണ് ഇന്ത്യയെ കൂടുതല്‍ എണ്ണ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. റഷ്യയ്ക്ക് പിന്നില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ എത്തിക്കുന്നത് യുഎഇയാണ്.
പ്രതിദിനം 6,36,000 ബാരലാണ് യുഎഇയില്‍ നിന്നെത്തുന്നത്. എന്നാലിത് മെയ് മാസത്തെ പ്രതിദിന ശരാശരിയായ 6,44,000ത്തില്‍ താഴെയാണ്. മൂന്നാംസ്ഥാനത്ത് സൗദി അറേബ്യയാണ്. പ്രതിദിന ശരാശരി 3,84,000 ബാരലാണ് സൗദിയില്‍ നിന്ന് വരുന്നത്.
റഷ്യന്‍ എണ്ണ പോലെ ഇന്ത്യയ്ക്ക് നിലവില്‍ മറ്റൊരിടത്തു നിന്നും ഡിസ്‌കൗണ്ട് എണ്ണ ലഭിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്നുള്ള എണ്ണയാണ് ഇന്ത്യ ഇത്തരത്തില്‍ വാങ്ങിക്കൂട്ടുന്നത്. ഹെവി ആന്‍ഡ് ഹൈ സള്‍ഫര്‍ ക്രൂഡ് ആണെന്നതിനാല്‍ ലോകത്തെ എല്ലാ റിഫൈനറികള്‍ക്കും ഈ ക്രൂഡ് സംസ്‌കരിച്ചെടുക്കാന്‍ സാധിക്കില്ല.
ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഇത്തരം എണ്ണ ശുദ്ധീകരിക്കാനുള്ള സംവിധാനമുണ്ട്. വെനസ്വേല എണ്ണ കൂടുതലായി വാങ്ങാനുള്ള കാരണവും ഇതു തന്നെ. റിലയന്‍സ് അടക്കം പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ വെനസ്വേലന്‍ എണ്ണയില്‍ കൂടുതല്‍ താല്പര്യം വയ്ക്കുന്നുണ്ട്. ഭാവിയില്‍ വെനസ്വേലയില്‍ നിന്നുള്ള എണ്ണവിഹിതം കൂടിയേക്കുമെന്നാണ് സൂചന.
കെപ്ലര്‍ ഡേറ്റ പ്രകാരം യുഎസില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ ജൂണില്‍ കുത്തനെ കുറഞ്ഞു. വെറും 91,000 ബാരല്‍ മാത്രമാണ് പ്രതിദിന വാങ്ങല്‍. മെയ് മാസം ഇത് 2,52,000 ബാരലായിരുന്നു.
കഴിഞ്ഞവര്‍ഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചശേഷം ഇന്ത്യ എണ്ണവാങ്ങല്‍ നയം പുനക്രമീകരിച്ചിരുന്നു. മിഡില്‍ഈസ്റ്റ് രാജ്യങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന രീതി മാറ്റി. വാങ്ങലില്‍ വൈവിധ്യം കൊണ്ടുവന്നു. ബ്രസീല്‍, കരീബിയിന്‍ ദ്വീപുകള്‍ പോലെ അകലങ്ങളില്‍ നിന്നുള്ള എണ്ണവാങ്ങല്‍ വര്‍ധിച്ചതിന്റെ കാരണവും ഇതുതന്നെ.
Read DhanamOnline in English
Subscribe to Dhanam Magazine