

ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും ചെലവേറിയ മത്സരങ്ങളിലൊന്നിന് ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത വേദിയാകും. അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീല്‍ സീനിയര്‍ ടീം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിക്കാനെത്തുമ്പോള്‍ സംഘാടകര്‍ക്ക് പണംവാരാനുള്ള അവസരം കൂടിയാണ് മത്സരം സമ്മാനിക്കുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യയാണ് ബ്രസീലിന്റെ എതിരാളി.
മത്സരം സംഘടിപ്പിക്കുന്നതിനുള്ള ആകെ ചെലവ് 60-70 കോടി വരെയാകുമെന്നാണ് വിവരം. ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് നല്‍കേണ്ട തുക, ടീമിന്റെ യാത്രയും താമസവും, സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍, സുരക്ഷ, പ്രചാരണം, മത്സര നടത്തിപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തുക. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) മത്സരം സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 30 കോടി രൂപയ്ക്കടുത്ത് നല്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം ടിക്കറ്റ് വില്‍പന ആരംഭിച്ചതിന് പിന്നാലെ വലിയ തിരക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അനുഭവപ്പെട്ടത്. 999 രൂപ മുതല്‍ 5,000 വരെയുള്ള ഭൂരിഭാഗം നോണ്‍-പ്രീമിയം ടിക്കറ്റുകളും 20 മിനിറ്റിനുള്ളില്‍ വിറ്റഴിഞ്ഞു. ഒരേസമയം ആയിരക്കണക്കിന് ആളുകളാണ് വെര്‍ച്വല്‍ ക്യൂവിലെത്തിയത്. വിഐപി വിഭാഗത്തിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 15,000 ആണ്.
മത്സരത്തിന്റെ ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ആണ്. എത്ര രൂപയ്ക്കാണ് ഇടപാടെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനുള്ള ഉയര്‍ന്ന തുകയാണ് സോണി നല്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തിനായി ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് മുന്‍കൂര്‍ തുക നല്‍കുമെന്നും അത് പിന്നീട് വിവിധ വാണിജ്യ വരുമാന സ്രോതസുകളിലൂടെ തിരിച്ചുപിടിക്കുമെന്നുമാണ് എഐഎഫ്എഫ് വ്യക്തമാക്കുന്നത്. പ്രധാന വരുമാന വഴികള്‍ ഇവയാണ്:
ടിക്കറ്റ് വില്‍പ്പന
ടൈറ്റില്‍, അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പുകള്‍
ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം
സ്റ്റേഡിയത്തിനുള്ളിലെ പരസ്യാവകാശങ്ങള്‍
ഹോസ്പിറ്റാലിറ്റി പാക്കേജുകളും കോര്‍പ്പറേറ്റ് ബോക്‌സുകളും
ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ് വില്‍പ്പന
സ്വകാര്യ പങ്കാളികളുടെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെയും പിന്തുണ
ബ്രസീലും ഇന്ത്യയും തമ്മിലുള്ള മത്സരം കാണാന്‍ പശ്ചിമ ബംഗാളിന് പുറത്തുനിന്നും ആരാധകര്‍ എത്തും. ഇത് വിമാന-ട്രെയിന്‍ യാത്ര, ഹോട്ടല്‍ ബുക്കിംഗ്, ടാക്‌സി സേവനം, റെസ്റ്റോറന്റുകള്‍, തെരുവോര ഭക്ഷണവ്യാപാരം, ജേഴ്സി മെര്‍ച്ചന്‍ഡൈസ് വില്‍പന തുടങ്ങിയ രംഗങ്ങളില്‍ ഗുണം ചെയ്യും. ബംഗാളിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുന്നതാണ് മത്സരം. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണയാണ് ഈ മത്സരത്തിനായി നല്കുന്നത്.
ഒരു പ്രദര്‍ശന മത്സരത്തിനായി 50-70 കോടി ചെലവഴിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇത്രയും തുക അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാദേശിക ക്ലബുകള്‍ക്കും ഗ്രാസ്‌റൂട്ട് ഫുട്ബോളിനും വിനിയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം.
Read DhanamOnline in English
Subscribe to Dhanam Magazine