ട്രംപിന്റെ ഭീഷണി ഏറ്റില്ല! എണ്ണ വാങ്ങല്‍ ഉയര്‍ത്തി ഇന്ത്യന്‍ മറുപടി, ചൈനയെ വട്ടമിട്ട് പിടിക്കാന്‍ യു.എസ്

ഇന്ത്യന്‍ കാര്‍ഷിക വിപണി യു.എസ് കമ്പനികള്‍ക്ക് തുറന്നു ലഭിക്കാനുള്ള സമ്മര്‍ദ്ദമായിരുന്നു ട്രംപ് നടത്തിയത്. രാജ്യത്തെ കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചേക്കാവുന്ന തീരുമാനം എടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്
anerican president donald trump , russian president vladmir putin ukraine president vlodmir selensky military background
canva, facebook/Donald trump, Kremlin. ru, president.gov.ua
Published on

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേല്‍ ഇരട്ടതീരുവ ചുമത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പദ്ധതി ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് എത്തിക്കുന്ന എണ്ണയുടെ അളവ് ജൂലൈയെക്കാള്‍ ഓഗസ്റ്റില്‍ വര്‍ധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ മാസം പ്രതിദിനം 16 ലക്ഷം ബാരല്‍ വീതം റഷ്യയില്‍ നിന്ന് ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്തു. എന്നാല്‍ ഈ മാസം ഇത് 20 ലക്ഷം ബാരലായി ഉയര്‍ന്നു.

ട്രംപിന്റെ പിടിവാശിക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നയത്തിന്റെ ഭാഗമായിട്ടാണ് എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചതെന്നാണ് വിവരം. മറ്റ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവു വരുത്തിയാണ് ഇന്ത്യ റഷ്യയിലേക്ക് കൂടുതല്‍ ഓര്‍ഡര്‍ നല്കിയത്. റഷ്യയ്ക്കുമേല്‍ കൂടുതല്‍ ഉപരോധത്തിന് ട്രംപ് ശ്രമിച്ചതോടെ ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ടില്‍ കൂടുതല്‍ വര്‍ധന വരുത്താന്‍ വ്‌ളാഡിമിര്‍ പുടിന്‍ തീരുമാനിച്ചതും ഇന്ത്യയ്ക്ക് നേട്ടമായി.

ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 7.30 ലക്ഷം ബാരലായി കുറഞ്ഞു. സൗദിയില്‍ നിന്നുള്ള ഇറക്കുമതിയും താഴ്ന്നിട്ടുണ്ട്. പരമാവധി റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടാനാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ശ്രമം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഡിസ്‌കൗണ്ട് കിട്ടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇന്ത്യയും ചൈനയുമാണ് ഇപ്പോള്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നത്.

പുടിന്‍-ട്രംപ് ചര്‍ച്ചയില്‍ ശുഭവാര്‍ത്തയോ?

അലാസ്‌കയിലെ പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ച ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ചര്‍ച്ചയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്നും എല്ലാം നന്നായി പോകുന്നുവെന്നും ട്രംപ് പറഞ്ഞത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. യുക്രൈയ്ന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം തീരുവ കുറയ്ക്കുമെന്ന സൂചനയും ട്രംപ് നല്കിയിട്ടുണ്ട്.

ഇന്ത്യന്‍ കാര്‍ഷിക വിപണി യു.എസ് കമ്പനികള്‍ക്ക് തുറന്നു ലഭിക്കാനുള്ള സമ്മര്‍ദ്ദമായിരുന്നു ട്രംപ് നടത്തിയത്. രാജ്യത്തെ കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചേക്കാവുന്ന തീരുമാനം എടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരേ വലിയ തീരുവ ചുമത്തിയാല്‍ റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യ കൂടുതല്‍ സഹകരണം നടത്തിയേക്കുമെന്ന ഭയവും യു.എസ് ഭരണകൂടത്തിനുണ്ട്.

ചര്‍ച്ച തുടരും

അതേസമയം, റഷ്യ-യു.എസ് ചര്‍ച്ചയില്‍ ധാരണയായില്ലെങ്കിലും പുരോഗതിയുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചത്. അലാസ്‌കയിലെ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ് റിച്ചാര്‍ഡ്സണില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് ട്രംപും പുടിനും നേരില്‍ കാണുന്നത്.

ബോംബര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് പുടിന്‍ ചര്‍ച്ച നടക്കുന്ന അലാസ്‌കയിലേക്ക് എത്തിയത്. ചുവപ്പ് പരവതാനി വിരിച്ചാണ് ചര്‍ച്ചാവേദിയിലേക്ക് പുടിനെ ആനയിച്ചത്. മികച്ച സ്വീകരണം പുടിന് നല്കാന്‍ യു.എസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

India boosts Russian oil imports defying Trump’s tariff threats, signaling strategic economic alignment

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com