ഇന്ത്യ കെയേഴ്‌സ്: എച്ച് ഐവിക്കെതിരേ കോട്ടകെട്ടിയ പ്രതിരോധം

ലോകമെമ്പാടും 50 രാജ്യങ്ങളിലായി 28 ലക്ഷം ആളുകള്‍ക്ക് ചികിത്സാസഹായം എത്തിക്കുന്ന എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ (AHF) ഇന്ത്യന്‍ പതിപ്പാണ് ഇന്ത്യ കെയേഴ്‌സ്
ഇന്ത്യ കെയേഴ്‌സ്: എച്ച് ഐവിക്കെതിരേ കോട്ടകെട്ടിയ പ്രതിരോധം
Published on

രാജ്യത്ത് എച്ച്‌ഐവി വ്യാപനം തടയുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി രണ്ട് പതിറ്റാണ്ടുകളിലേറെയായി പ്രവര്‍ത്തിച്ചു വരികയാണ് ഇന്ത്യാ കെയേഴ്‌സ് എന്ന സന്നദ്ധ സംഘടന. ലോകമെമ്പാടും 50 രാജ്യങ്ങളിലായി 28 ലക്ഷം ആളുകള്‍ക്ക് ചികിത്സാസഹായം എത്തിക്കുന്ന എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ (AHF) ഇന്ത്യന്‍ പതിപ്പാണ് ഇന്ത്യ കെയേഴ്‌സ്.

സൗജന്യ എച്ച്‌ഐവി പരിശോധന, സൗജന്യ എച്ച്‌ഐവി/എസ്ടിഐ ചികിത്സ, കോണ്ടം വിതരണം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപൃതരായിരിക്കുകയാണ് സംഘടന.

പ്രവര്‍ത്തനങ്ങള്‍

ഓണ്‍ലൈന്‍ കോണ്ടം സ്റ്റോര്‍: രാജ്യത്തെ ഒരേയൊരു സൗജന്യ ഓണ്‍ലൈന്‍ കോണ്ടം സ്റ്റോര്‍ ഇന്ത്യ കെയേഴ്‌സിന്റേതാണ്. സന്നദ്ധസംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇ-മെയ്ല്‍ വഴിയോ ഫോണ്‍ വഴിയോ ലവ് കോണ്ടംസ് ആവശ്യപ്പെടാം. കൊറിയര്‍ സര്‍വീസ് വഴി ഇതിനകം രാജ്യത്തുടനീളം കോടിക്കണക്കിന് കോണ്ടമാണ് വിതരണം ചെയ്തത്.

എഎച്ച്എഫിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 13ന് നടത്തുന്ന അന്താരാഷ്ട്ര കോണ്ടം ദിനത്തില്‍കോണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യുവാക്കളെ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്.

മൂണ്‍ലൈറ്റ് ടെസ്റ്റിങ്: പകല്‍ സമയങ്ങളിലെ പരിശോധനകളില്‍ പങ്കെടുക്കാനാകാത്ത എല്‍ജിബിടിക്യു ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍, ലൈംഗിക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് വൈകുന്നേരങ്ങളില്‍ സൗജന്യമായി എച്ച്‌ഐവി/എസ്ടിഐ പരിശോധന നടത്തുന്ന പദ്ധതിയാണിത്. അവരുടെ തൊഴിലിടങ്ങളില്‍ ചെന്ന് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

ലവ് ബ്രിഗേഡ് മിസോറാം: എച്ച്‌ഐവി വ്യാപനം കൂടുതലുള്ള മിസോറാമില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ബൈക്ക്/കാര്‍ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയാണിത്. ടാക്‌സികളുടെ സീറ്റുകളിലും ഡ്രൈവര്‍മാരുടെ ജാക്കറ്റുകളിലെ കോണ്ടം പോക്കറ്റുകളിലും സൗജന്യമായി കോണ്ടം ലഭ്യമാക്കുന്നതിലൂടെ തിരിച്ചറിയപ്പെടാതെ തന്നെ ആര്‍ക്കും ഇവ ശേഖരിക്കാന്‍ കഴിയുന്നു.

ഗ്രാമങ്ങളിലേക്ക്: പത്ത് സംസ്ഥാനങ്ങളിലെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളുമായി ചേര്‍ന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റും വര്‍ഷം തോറും മൂന്ന് ലക്ഷത്തിലധികം സൗജന്യ എച്ച്‌ഐവി പരിശോധനകള്‍ ഇന്ത്യ കെയേഴ്‌സ് നടത്തുന്നു. പുതിയ രോഗികളെ കണ്ടെത്തി, സര്‍ക്കാരിന് കീഴിലുള്ള എആര്‍ടി ക്ലിനിക്കുകളിലേക്ക് ചികിത്സക്കായി അയക്കുകയും ചെയ്യുന്നു.

മികവിന്റെ കേന്ദ്രങ്ങള്‍: ന്യൂഡല്‍ഹിയിലും നവി മുംബൈയിലുമായി രണ്ട് എആര്‍ടി (AntiRteroviral Therapy) കേന്ദ്രങ്ങള്‍ ഇന്ത്യ കെയേഴ്‌സ് നടത്തിവരുന്നു. ഇതിലൂടെ നാലായിരത്തിലേറെ എച്ച്‌ഐവി ബാധിതര്‍ക്ക് സൗജന്യ മരുന്നുകള്‍, കൃത്യമായ പരിശോധനകള്‍, പോഷകാഹാരം, സൗജന്യ കോണ്ടം തുടങ്ങിയവ ലഭ്യമാക്കുന്നു. ഡോ. വി. സാം പ്രസാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ കെയേഴ്‌സില്‍ 40ഓളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. ന്യൂഡല്‍ഹിയില്‍ ലജ്പത് നഗറിലാണ് പ്രധാന ഓഫീസ്.

ഫെബ്രുവരി 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com