

കുറേ വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇറാനിലെ ചബാഹര്‍ തുറമുഖത്തിന്റെ 10 വര്‍ഷത്തെ നടത്തിപ്പ് അവകാശം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ നേടിയത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍. ഒമാന്‍ കടലിടുക്കില്‍ തന്ത്രപരമായ സ്ഥാനത്തുള്ള ഇറാനിലെ ആദ്യ ഡീപ്പ് വാട്ടര്‍ തുറമുഖം എന്തിനാണ് ശതകോടികള്‍ മുടക്കി ഇന്ത്യ ഏറ്റെടുത്തത്? പ്രതിരോധ വാണിജ്യ രംഗത്ത് രാജ്യത്തിന് എന്ത് നേട്ടമാണ് ഇതിലൂടെ നേടാനാകുന്നത്? പരിശോധിക്കാം
ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ് ചബാഹര്‍ തുറമുഖം. പ്രധാനമായും രണ്ട് ടെര്‍മിനലുകളാണ് ഇവിടെയുള്ളത്. ഷഹീദ് കലന്താരിയും (Shahid Kalatari) ഷഹീദ് ബെഹെഷ്തിയും (Shahid Beheshti). ഇതില്‍ രണ്ടാമത്തെ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും ഓപ്പറേറ്റ് ചെയ്യുന്നതിനുമാണ് ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഒഴിവാക്കി മധ്യേഷയിലേക്ക് ഇന്ത്യക്ക് നേരിട്ട് കടന്നുചെല്ലാമെന്നതാണ് പ്രധാന പ്രത്യേകത. ഇറാന്റെ റെയില്‍ ശൃംഖലയിലേക്ക് ചബാഹര്‍ തുറമുഖത്തെ ബന്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ നിക്ഷേപമുണ്ട്. ഏതാണ്ട് 500 മില്യന്‍ ഡോളറാണ് (ഏകദേശം 4,200 കോടി രൂപ) ഇന്ത്യ ഇവിടെ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിര്‍ദിഷ്ട ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് ഇടനാഴിയുടെ ഭാഗമാണ് ചബാഹര്‍ തുറമുഖം. ഇന്ത്യന്‍ മഹാസമുദ്രത്തെയും പേര്‍ഷ്യന്‍ കടലിടുക്കിനെയും ഇറാനിലൂടെ കാസ്പിയന്‍ കടലിലേക്കും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് വഴി യൂറോപ്പിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന കവാടം. ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന് യൂറോപ്പിലേക്കുള്ള എളുപ്പവഴി. സൂയസ് കനാല്‍ വഴി യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തേക്കാള്‍ 15 ദിവസം കുറച്ച് മതിയെന്നതാണ് ഈ സാമ്പത്തിക ഇടനാഴിയുടെ പ്രത്യേകത. 2024 ഡിസംബറിലെ കണക്ക് പ്രകാരം 2018ന് ശേഷം ചബാഹര്‍ തുറമുഖത്ത് 450 കപ്പലുകളെത്തി. 1,34,082 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് ) കണ്ടെയ്‌നറുകളും 87 മില്യന്‍ ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്‌തെന്നും രാജ്യസഭാ രേഖകള്‍ പറയുന്നു.
2002ലാണ് ഇറാനിലെ ചബാഹറില്‍ ഒരു വാണിജ്യ തുറമുഖം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുവരുന്നത്. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ഇറാനിയന്‍ പ്രസിഡന്റ് സെയിദ് മുഹമ്മദ് ഖാത്തമി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുമായി ഒപ്പിട്ട കരാറുകളിലൊന്ന് ചബാഹര്‍ തുറമുഖവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. 2015ല്‍ വിദേശത്തെ തുറമുഖങ്ങളുടെ നടത്തിപ്പിനായി ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് (ഐ.പി.ജി.എല്‍) രൂപീകരിക്കുന്നു.
2016ല്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മില്‍ വ്യാപാര ഇടനാഴി സ്ഥാപിക്കാനും അതിന്റെ ട്രാന്‍സിറ്റ് പോയിന്റായി ചബാഹര്‍ തുറമുഖത്തെ മാറ്റാനും കരാറിലെത്തി. തുടര്‍ന്ന് ഷഹീദ് ബെഹഷ്ത്തി തുറമുഖത്തിന്റെ പണിയും തുടങ്ങി. 2017ല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള ഗോതമ്പുമായി കപ്പലെത്തിയതോടെ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 2018ല്‍ തുറമുഖത്തിന്റെ പ്രവര്‍ത്തം ഐ.പി.ജി.എല്‍ ഏറ്റെടുത്തു. 2019ല്‍ അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് ചരക്കെത്തി.
ഇറാനുമായി ഹ്രസ്വകാല കരാറുകള്‍ ഒപ്പിട്ടായിരുന്നു ഇന്ത്യ ചബാഹര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയും രാഷ്ട്രീയ വിഷയങ്ങളും ഇടക്കാല കരാറുകളും കാരണം നിക്ഷേപകരൊന്നും താത്പര്യം കാണിച്ചില്ല. തുടര്‍ന്നാണ് ദീര്‍ഘകാല കരാറിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചിന്തിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ 10 വര്‍ഷത്തെ കരാറിലെത്തിയത്.
പടിഞ്ഞാറന്‍ ഇറാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനോട് ചേര്‍ന്നാണ് ചബാഹര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി ചൈന ഗ്വാദര്‍ തുറമുഖം വികസിപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ നീക്കങ്ങള്‍ വേഗത്തിലാക്കി. പാക്-ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി 2002ലാണ് ഇരുരാജ്യങ്ങളും ഗ്വാദര്‍ തുറമുഖ കരാറില്‍ ഒപ്പുവെച്ചത്.
തജിക്കിസ്ഥാനിലെ ഫര്‍ക്കോര്‍ (Farkhor) വ്യോമതാവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ ചബാഹര്‍ തുറമുഖം വികസിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയും തജിക്കിസ്ഥാനും തമ്മിലെ സൈനിക സഹകരണം തുടങ്ങിയിട്ട്. 2011ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഇന്ത്യ തജികിസ്ഥാന്‍ വ്യോമസേനയുടെ സഹകരണത്തോടെ എയര്‍ ബേസ് പണിയുന്നത്.
India can bypass Pakistan and access Europe through Iran’s Chabahar Port, boosting trade and connectivity with Central Asia and the West.
Read DhanamOnline in English
Subscribe to Dhanam Magazine