കൊറോണയുടെ താണ്ഡവം ഇന്ത്യയിലും ഉണ്ടായേക്കാം: മുന്നറിയിപ്പേകി വിദഗ്ധര്‍
ചൈനയ്ക്കും ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ കൊറോണ വൈറസിന്റെ ഭീകര താണ്ഡവം അരങ്ങേറുന്ന അടുത്ത രാജ്യം ഇന്ത്യയാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍. അതേസമയം, മറ്റെല്ലായിടത്തും പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങള്‍ ജനസംഖ്യയുടെ അതിസാന്ദ്രത ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ ഇവിടെ ഫലപ്രദമാകണമെന്നില്ലെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു.
കൊറോണ വൈറസ് കണ്ടെത്തുന്നതിന് പ്രതിദിനം 8,000 രക്ത സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യം രാജ്യത്തുടനീളമായി ലഭ്യമാക്കാനേ ഇതുവരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു കഴിഞ്ഞിട്ടുള്ളൂ.വൈറസിന്റെ സാമൂഹിക വ്യാപനത്തിനു തെളിവുകളൊന്നുമില്ലെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നുണ്ടെങ്കിലും സ്ഥിതി അതിഗുരുതരമാകുമെന്ന ഭീതി ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്കുണ്ട്.130 കോടി ജനങ്ങളുള്ള രാജ്യത്ത് മുന്‍കുതല്‍ സംവിധാനങ്ങളുടെ അപര്യാപ്തത വളരെ വലുതാണെന്ന് അവര്‍ പറയുന്നു.
ആഴ്ച തോറും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജി മുന്‍ മേധാവി ഡോ. ടി ജേക്കബ് ജോണ്‍ പറഞ്ഞു. സാഹചര്യങ്ങളുടെ ഗൗരവ സ്വഭാവം അധികൃതര്‍ക്കു ബോധ്യപ്പെട്ടിട്ടില്ലെന്ന അഭിപ്രായവുമുണ്ട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ദേശീയ എച്ച്‌ഐവി / എയ്ഡ്‌സ് റഫറന്‍സ് സെന്റര്‍ മുന്‍ മേധാവിയും പോളിയോ നിര്‍മാര്‍ജ്ജനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ ഉപദേശക സംഘം ചെയര്‍മാനുമായിരുന്ന അദ്ദേഹത്തിന്.
ഏപ്രില്‍ 15 ഓടു കൂടി രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയായേക്കുമെന്ന നിഗമനം പല വിദഗ്ധര്‍ക്കുമുണ്ട്. ഇതിനിടെ, സര്‍ക്കാര്‍ അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികള്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വക്താവ് ഡോ. ലോകേഷ് കുമാര്‍ ശര്‍മ പറഞ്ഞെങ്കിലും അനുബന്ധ നടപടികള്‍ ഇഴയുകയാണ്.
നിലവില്‍ ഇന്ത്യയിലെ ഒരു പ്രധാന ആശങ്കാ മേഖല മഹാരാഷ്ട്രയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നഗരവല്‍ക്കരണമുള്ള സംസ്ഥാനങ്ങളിലൊന്ന്. ഓഹരിവിപണിയുടെ പ്രധാന കേന്ദ്രമാണു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായറിയപ്പെടുന്ന മുംബൈ. ഇവിടെ പൊതു സ്ഥലങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. സര്‍വകലാശാലാ പരീക്ഷകള്‍ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫീസുകളോടും സ്വകാര്യ കമ്പനികളോടും പരമാവധി ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയുടെ സാന്ദ്രതയാണ് മിക്ക സംസ്ഥാനങ്ങളും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ചൈനയില്‍ ജനസംഖ്യ ഇന്ത്യയേക്കാള്‍ കൂടുതലാണെങ്കിലും ശരാശരി ജന സാന്ദ്രത കുറവാണവിടെ. ഇന്ത്യയിലെ ഓരോ ചതുരശ്ര കിലോമീറ്ററിലും 420 ആളുകള്‍ താമസിക്കുമ്പോള്‍ ചൈനയില്‍ ഒരു ചതുരശ്ര കിലോമീറ്ററിന് 148 പേരേയുള്ളൂവെന്നാണു കണക്ക്. ചേരികളും താഴ്ന്ന വരുമാനക്കാരുടെ പാര്‍പ്പിടസമുച്ചയങ്ങളും ഇന്ത്യന്‍ നഗരങ്ങളെ വ്യത്യസ്തമാക്കുന്നുമുണ്ട്.
അസ്വാസ്ഥ്യ ലക്ഷണം പരിഗണിക്കാതെ എല്ലാവരേയും പരിശോധിക്കാന്‍ ദക്ഷിണ കൊറിയക്ക് കഴിഞ്ഞു. പക്ഷേ, ഇന്ത്യയില്‍ ഇത് വളരെ പ്രയാസകരമാണെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സാമൂഹിക അകല്‍ച്ചയും വലിയ പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരാഴ്ചയ്ക്കിടെ 2,000 ശതമാനം കേസുകള്‍ ഉയര്‍ന്ന ദക്ഷിണ കൊറിയ, ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ സ്റ്റേഷനുകളിലും ലക്ഷക്കണക്കിന് ആളുകളെ പരിശോധനയ്ക്കു വിധേയരാക്കിയാണ് മരണ സംഖ്യ കുറച്ചത്.
കൊറോണ വൈറസ് വ്യാപനത്തോടുള്ള രാജ്യത്തിന്റെ പ്രതികരണം അതിന്റെ പൊതുജനാരോഗ്യ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നേ സാധ്യമാകൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യ പരിപാലന ചെലവ് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് - മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വെറും 3.7%.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine

