₹10,000 കോടിയുടെ വിപണി, പാകിസ്ഥാനെ വിറപ്പിച്ച ഡ്രോണുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടേത്, കൂടെ അദാനി ബന്ധവും, വരാനിരിക്കുന്നത് വലിയ മാറ്റം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ അദാനിയും ടാറ്റയും അടക്കമുള്ള വമ്പന്‍ കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്
unmanned areal vehicle
പ്രതീകാത്മക ചിത്രംCanva
Published on

പാക് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ തെളിഞ്ഞത് ഡ്രോണുകളുടെയും ആളില്ലാ വിമാനങ്ങളുടെയും കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കൈ. ഇസ്രയേല്‍ സഹായത്തോടെ ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിച്ച സ്‌കൈസ്‌ട്രൈക്കര്‍ (SkyStriker) ആത്മഹത്യാ ഡ്രോണും (Kamikaze Drone) ഇസ്രയേല്‍ നിര്‍മിത ഹാറോപ് (Harop) ഡ്രോണുകളുമാണ് സേന പ്രധാനമായും ഉപയോഗിച്ചത്. ഇതോടെ പ്രതിരോധ, ഡ്രോണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

ഡ്രോണുകള്‍ ഇതാദ്യമല്ല

199ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അതിര്‍ത്തി നിരീക്ഷണത്തിനാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി വിദൂര നിയന്ത്രിത ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. പിന്നീട് പല ഘട്ടങ്ങളിലും നിരീക്ഷണത്തിനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ഇന്ത്യ ഡ്രോണ്‍ ശേഖരം വലുതാക്കി. ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രി നിര്‍മിച്ച ഹീറോണ്‍ ( Heron), ഹീറോണ്‍ ടി.പി, സെര്‍ച്ചര്‍, ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച റസ്റ്റം 2 (Rustom 2), നേത്ര (Netra), ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഐഡിയ ഫോര്‍ജ് നിര്‍മിച്ച സ്വിച്ച് ഡ്രോണ്‍ (Switch Drone), യു.എസ് കമ്പനിയായ ജനറല്‍ അറ്റോമിക്‌സ് നിര്‍മിച്ച എം.ക്യു-ജ റീപ്പര്‍ (MQ-9 Reaper), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നിര്‍മിച്ച ത്രിനേത്ര യു.എ.വി (Trinetra UAV), നോര്‍വീജിയന്‍ കമ്പനിയായ പ്രോക്‌സ് ഡൈനാമിക്‌സ് എ.എസ് നിര്‍മിച്ച ബ്ലാക്ക് ഹോര്‍ണറ്റ് നാനോ, നാഗാത്ര 1 തുടങ്ങിയ ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്നത്.

വലിയ വിപണി

ലോകത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ വിപണികളില്‍ ഒന്നായി ഇന്ത്യ മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 500 മില്യന്‍ ഡോളറായിരുന്നു (ഏകദേശം 4,200 കോടി രൂപ) ഡ്രോണ്‍ വിപണിയുടെ വരുമാനം. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത് 11 ബില്യന്‍ ഡോളറായി (ഏകദേശം 9,300 കോടി രൂപ) വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ 30 ശതമാനവും പ്രതിരോധ ഡ്രോണുകളില്‍ നിന്നാണ്. ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ 25 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്ന് 20 ശതമാനവും വരുമാനം ലഭിക്കുമെന്നും ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പറയുന്നു. ഡ്രോണുകളുടെ ഗവേഷണം, നിര്‍മാണം, സര്‍വീസ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് വരുമാനം കണക്കാക്കിയിരിക്കുന്നത്. ഡ്രോണ്‍ നിര്‍മാണത്തില്‍ മാത്രം ഈ വര്‍ഷം 900 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്.

സാധ്യതകള്‍

ആധുനിക കാലത്തെ യുദ്ധമുഖത്ത് ഡ്രോണുകളുടെ പ്രസക്തി ഒഴിവാക്കാന്‍ കഴിയാത്തതാണ്. റഷ്യ-യുക്രെയിന്‍, ഇസ്രയേല്‍ ഹമാസ് യുദ്ധങ്ങളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ ഒരു രാത്രി മാത്രം നാന്നൂറോളം തുര്‍ക്കിഷ് നിര്‍മിത ഡ്രോണുകളാണ് പാകിസ്ഥാന്‍ പ്രയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഡ്രോണ്‍ നിര്‍മാണ മേഖലയില്‍ സമൂലമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രോഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 മുതല്‍ പ്രതിവര്‍ഷം 120 കോടി രൂപ ഇതിന് വേണ്ടി മാറ്റിവെക്കാറുണ്ട്. പുതിയ സാഹചര്യത്തില്‍ ഡ്രോണ്‍ നിര്‍മാണ മേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

India's drone industry experiences significant growth following the India-Pakistan conflict, marked by stock surges, increased demand, and enhanced government support.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com