
ഇന്ത്യയില്‍ സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിദേശനിക്ഷേപ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കാനും ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാനുമാണ് നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജം, അടിസ്ഥാനസൗകര്യം, ഫാര്‍മസ്യൂട്ടിക്കല്‍ എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ധാരണയിലെത്തിയിരുന്നു. സൗദി അറേബ്യയുമായി ഉഭയകക്ഷി നിക്ഷേപ കരാറിനും ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ വിദേശ നിക്ഷേപ ചട്ടങ്ങള്‍ അനുസരിച്ച് അനുബന്ധ കമ്പനികള്‍ വഴി നടത്തുന്ന നിക്ഷേപവും പ്രധാന കമ്പനിയുടെ നിക്ഷേപമായാണ് പരിഗണിക്കുന്നത്. ഇന്ത്യന്‍ കമ്പനികളിലെ ആകെ നിക്ഷേപം 10 ശതമാനത്തില്‍ കൂടുതലാകരുതെന്നും ചട്ടങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ വിദേശ കമ്പനികള്‍ മടിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണിതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പരിഹാരമായി അനുബന്ധ കമ്പനികള്‍ക്കും വെവ്വെറെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സൗദി സര്‍ക്കാരിന്റെ വിവിധ നിക്ഷേപ കമ്പനികള്‍ക്ക് അവരുടെ അനുബന്ധ കമ്പനികള്‍ വഴിയും ഇനി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരോ സൗദി അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൗദി സര്‍ക്കാരിന് വിവിധ നിക്ഷേപങ്ങള്‍ നടത്താന്‍ 1971ലാണ് കിംഗ് ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സൗദിന്റെ നേതൃത്വത്തില്‍ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നായ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വഴി 925 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ 1.5 ബില്യന്‍ ഡോളറും റിലയന്‍സ് റിട്ടെയിലില്‍ 1.3 ബില്യന്‍ ഡോളറുമാണ് സൗദിയുടെ ഇന്ത്യൻ വിപണിയിലെ നിക്ഷേപം. അടുത്തിടെ യു.എസിലും വന്‍ നിക്ഷേപം നടത്താന്‍ സൗദി കരാറൊപ്പിട്ടിരുന്നു. ഈ ഫണ്ടിന്റെ 65 ശതമാനവും സൗദി അറേബ്യയില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. ഇതുകൂടാതെ ലോകത്തിലെ പ്രമുഖ കമ്പനികളായ ഊബര്‍, ബോയിംഗ്, ബാങ്ക് ഓഫ് അമേരിക്ക, മെറ്റ, സിറ്റി ഗ്രൂപ്പ്, ഡിസ്‌നി തുടങ്ങിയവയിലും നിക്ഷേപമുണ്ട്.
അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം ക്രൂഡ് ഓയിലിന് പുറത്തുനിന്നുള്ള വരുമാനം കണ്ടെത്താനുള്ള സൗദി അറേബ്യയുടെ വിഷന്‍ 2030നും കരുത്തേകുമെന്നാണ് കരുതുന്നത്. ഒപ്പം സൗദി നിക്ഷേപം ഇന്ത്യന്‍ ബിസിനസുകള്‍ക്കും നേട്ടമാകും. ഏതാണ്ട് 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.5 ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കാനാണ് സൗദിയുടെ പദ്ധതി. ഇതിനായി 2024ല്‍ ഇരുരാജ്യങ്ങളും ടാസ്‌ക് ഫോഴ്‌സിനെയും നിയമിച്ചിരുന്നു. ഇന്ത്യയിലെ സൗദി നിക്ഷേപങ്ങള്‍ക്കായി നികുതിയിളവ് നല്‍കാനുള്ള സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
India plans to exempt Saudi Arabia’s Public Investment Fund (PIF) from FPI restrictions, enabling greater investments and strengthening bilateral economic ties.
Read DhanamOnline in English
Subscribe to Dhanam Magazine