
അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആറ് ദിവസത്തിനിടെ വിമാനക്കമ്പനികള്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തോളം വിമാനടിക്കറ്റുകളെന്ന് കണക്ക്. അതായത് ഓരോ മിനിറ്റിലും ശരാശരി 35ഓളം വിമാനടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. മെയ് ഏഴ് മുതല്‍ 12 വരെയുള്ള തീയതികളില്‍ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചിട്ടതോടെയാണിത്. പ്രതിദിനം 50,000 മുതല്‍ 65,000 വരെ യാത്രക്കാരാണ് ഈ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തിരുന്നത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെയാണ് വിമാനത്താവളങ്ങള്‍ അടച്ചിട്ടത്.
അടച്ച വിമാനത്താവളങ്ങള്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തുറന്നെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 12ന് അമൃത്സറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പാക് ഡ്രോണ്‍ സാന്നിധ്യത്തെ തുടര്‍ന്ന് അടിയന്തരമായി തിരികെ വിളിച്ചിരുന്നു. പിന്നാലെ ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഒരു ദിവസത്തേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിറുത്തിവച്ചിരുന്നു. മെയ് 14 മുതല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്‍ഡിഗോ, എയര്‍ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ ഇന്നും ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
തദ്ദേശ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിന് പുറമെ പാക് വ്യോമപാത അടച്ചതും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 24 മുതല്‍ ഉത്തരേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള വിമാനങ്ങള്‍ ചുറ്റിയാണ് പറക്കുന്നത്. ഇത് വിമാനയാത്രാ സമയത്തില്‍ 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂര്‍ വരെ വര്‍ധിക്കാനും ഇടയാക്കി. സ്വാഭാവികമായും വിമാന കമ്പനികളുടെ പ്രവര്‍ത്തന ചെലവും വര്‍ധിച്ചു. വിമാനജീവനക്കാരും കൂടുതല്‍ നേരം ജോലി ചെയ്യേണ്ടി വരും. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ സഹായമുണ്ടാകണമെന്നും വ്യോമയാന ഇന്ധനത്തിന്റെ നികുതി കുറക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമപാത നിരോധനം തുടര്‍ന്നാല്‍ ഒരു വര്‍ഷം 600 മില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ കണക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine