
ഇറാനിലെ ചബാഹര്‍ തുറമുഖ മാതൃകയില്‍ ആഫ്രിക്കയിലേത് അടക്കമുള്ള തുറമുഖങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് ടാന്‍സാനിയയുമായി നിരവധി ധാരണാപത്രങ്ങള്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ്, കണ്ട്‌ല പോര്‍ട്ട് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡാണ് (ഐ.പി.ജി.എല്‍) ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇറാന്‍ കേന്ദ്രമാക്കി കൂടുതല്‍ പ്രോജക്ട് മാനേജര്‍മാരെ നിയമിച്ച് തുറമുഖ ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും ഐ.പി.ജി.എല്‍ നടപടി തുടങ്ങിയതായി ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ആഫ്രിക്കയിലെ കരബന്ധിതമായ സാംബിയ, റുവാന്‍ഡ, ബുറുണ്ടി, മലാവി, ഉഗാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ടാന്‍സാനിയയിലെ ദാറുസലാം പോര്‍ട്ട്. നിലവില്‍ ഇവിടുത്തെ ടെര്‍മിനല്‍ രണ്ടിന്റെ പ്രവര്‍ത്തനം അദാനി പോര്‍ട്‌സിന്റെ കീഴിലാണ്. ഇതിന് പുറമെ ടാന്‍സാനിയയില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനും ഇന്ത്യന്‍ സഹായമുണ്ട്. ഇതിനായി അടുത്തിടെ ടാന്‍സാനിയ ഇന്‍വെസ്റ്റ്‌മെന്റ് സെന്ററും ജവഹര്‍ ലാല്‍ നെഹ്‌റു പോര്‍ട്ട് അതോറിറ്റിയും കരാറൊപ്പിട്ടിരുന്നു. കൂടാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ടാന്‍സാനിയയിലെ മറൈന്‍ സര്‍വീസസ് കമ്പനി ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. ടാന്‍സാനിയയിലെ സാന്നിധ്യം വര്‍ധിപ്പിച്ച് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. മറ്റ് ആഫ്രിക്കന്‍ തുറമുഖങ്ങളിലും ഇന്ത്യക്ക് കണ്ണുണ്ട്. മേഖലയിലെ ചൈനീസ് സാന്നിധ്യം കുറക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ നീക്കം.
ഇറാനിലെ ചബാഹര്‍ തുറമുഖത്തിലെ ഷാഹിദ് ബെഹെഷ്തി ടെര്‍മിനല്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിലവില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഐ.പി.ജി.എല്ലിനാണ് ഇതിന്റെയും ചുമതല. ഇന്ത്യയെ യൂറോപ്പിലേക്ക് ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് ഇടനാഴിയുടെ പ്രധാന ഭാഗമാണ് ഈ തുറമുഖം. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിനാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 64,245 ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിനായി. തുറമുഖത്ത് 4,000 കോടിയോളം രൂപ നിക്ഷേപിച്ച് 5 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ഇന്ത്യ.
ഇതിന് പുറമെ മ്യാന്‍മറിലെ ഒരു തന്ത്രപ്രധാന തുറമുഖത്തിലും ഐ.പി.ജി.എല്ലിന് നിയന്ത്രണമുണ്ട്. കൊല്‍ക്കത്തയെ മിസോറാം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി മ്യാന്‍മര്‍ വഴി ബന്ധിപ്പിക്കുന്ന കലന്ധന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് പ്രോജക്ടിന്റെ ഭാഗമായ സിത്ത്‌വേ (Sittwe) തുറമുഖമാണ് ഇതിനായി ഇന്ത്യ ഉപയോഗിക്കുന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബംഗ്ലദേശ് ഇന്ത്യയുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യൂനുസ് നടത്തിയ പ്രസ്താവനകളും ഇന്ത്യ കാര്യമായാണ് എടുത്തിരിക്കുന്നത്.
ഇതിന് മറുപടിയായി ബംഗ്ലാദേശുമായുള്ള വ്യാപാരത്തില്‍ ഇന്ത്യ കാര്യമായ മാറ്റം വരുത്തിയിരുന്നു. ഇതിന് പുറമെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ ബംഗ്ലാദേശിനെ ഒഴിവാക്കി മറ്റൊരു മാര്‍ഗം തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളും ഇന്ത്യ ഊര്‍ജ്ജിതമാക്കി. ഏതാണ്ട് 4,200 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലെ ഇന്ത്യന്‍ ഭാഗത്തുള്ള നിര്‍മാണങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ശേഷിക്കുന്ന പ്രവര്‍ത്തികള്‍ കൂടി കഴിഞ്ഞാല്‍ കൊല്‍ക്കത്തയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം വേഗത്തിലാകും. നിലവില്‍ ബംഗ്ലാദേശ് വഴിയോ സിലിഗുരി ഇടനാഴി വഴിയോ ആണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം സാധ്യമാകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine