

വില പുതിയ റെക്കോഡുകള്‍ കടന്ന് മുന്നറിയപ്പോള്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകതയില്‍ വലിയ ഇടിവ്. 2026ല്‍ ഇന്ത്യയിലെ സ്വര്‍ണ ഡിമാന്‍ഡ് കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WGC) റിപ്പോര്‍ട്ട്. ഈ വര്‍ഷം ആകെ സ്വര്‍ണത്തിന്റെ ആവശ്യകത ഏകദേശം 650 ടണ്ണായി ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. കോവിഡ് സമയത്ത് ജുവലറികള്‍ അടച്ചിടേണ്ടിവന്ന 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്.
ആഭരണ വില്പനയിലെ കുറവിനൊപ്പം നിക്ഷേപത്തിനായി സ്വര്‍ണത്തെ ആശ്രയിച്ചിരുന്നവരും മനസുമാറ്റിയതാണ് വില്പനയെ സ്വാധീനിച്ചത്. ചൈനയ്ക്ക് പിന്നില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണ ഡിമാന്‍ഡ് മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം ഇടിഞ്ഞ് 162.5 ടണ്ണായി. സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത 20 ശതമാനം കുറഞ്ഞപ്പോള്‍ നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണം വാങ്ങല്‍ 40 ശതമാനം ഇടിഞ്ഞു.
അതേസമയം, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സ്വര്‍ണവിപണിയില്‍ നേരിയ ഉണര്‍വുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പ്രതീക്ഷ. ദീപാവലിയും വിവാഹ സീസണും സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാനിടയുണ്ട്. കേരളത്തില്‍ വിവാഹ സീസണ് വരുന്നതും ഗുണം ചെയ്തേക്കും.
ഉയര്‍ന്ന വിലയും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യതയും പക്ഷേ വെല്ലുവിളിയാണ്. ഉത്സവകാല വാങ്ങലുകള്‍ മെച്ചപ്പെട്ടാലും വര്‍ഷത്തിലെ മൊത്തം ഡിമാന്‍ഡ് ആറുവര്‍ഷത്തെ താഴ്ന്ന നിലയില്‍നിന്ന് കരകയറാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയിലും ഇടിവുണ്ടായി. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ വരവ് വര്‍ധിക്കാന്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയത് കാരണമായി. സര്‍ക്കാരിന് കിട്ടേണ്ട നികുതി വരുമാനം കുറയുന്നതിനും ഇത് ഇടയാക്കി. സ്വര്‍ണവില ഉയരുമ്പോഴും ആഭരണങ്ങളുടെ വില്പന അളവില്‍ കുറവുണ്ടാകുന്ന സാഹചര്യം ജുവലറി വ്യാപാരികള്‍ക്ക് വെല്ലുവിളിയാണ്. കേരളം പോലുള്ള വലിയ സ്വര്‍ണാഭരണ വിപണികളിലും വാങ്ങല്‍ പ്രവണതയിലെ മാറ്റങ്ങള്‍ വെല്ലുവിളിയാകും.
ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ പകുതിയിലധികവും ഗ്രാമീണ മേഖലയില്‍നിന്നാണ്. ഗ്രാമീണ കുടുംബങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അലങ്കാര വസ്തുക്കള്‍ മാത്രമല്ല, ആവശ്യഘട്ടങ്ങളില്‍ പണമാക്കി മാറ്റാവുന്ന സമ്പാദ്യവും കൂടിയാണ്.
എന്നാല്‍ ഈ വര്‍ഷം ദുര്‍ബലമായ മണ്‍സൂണ്‍ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴയാണ് 2026ല്‍ രാജ്യത്ത് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക ഉല്പാദനവും കര്‍ഷകരുടെ വരുമാനവും കുറഞ്ഞത് ഗ്രാമീണ മേഖലയിലെ സ്വര്ണവാങ്ങലിനെ ബാധിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine