ഡോക്ടര്‍മാരെ വരുതിയിലാക്കാന്‍ ഉപഹാരങ്ങള്‍ വേണ്ട; മെഡിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദേശം

മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പന കൂട്ടാന്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും ഉപഹാരങ്ങള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കായി കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പാണ് പുതിയ നിയന്ത്രങ്ങള്‍ കൊണ്ടു വരുന്നത്. ഇതുസംബന്ധിച്ച് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. മെഡിക്കല്‍ മേഖലയില്‍ കര്‍ശനമായ പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും എത്തിക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കണം.

തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണം

മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കായി ആരോഗ്യമേഖലയിലെ പ്രൊഫഷണുകളെ സ്വാധീനിക്കാനുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും വിദേശത്തും നടക്കുന്ന സെമിനാറുകളിലും വര്‍ക്ക് ഷോപ്പുകളിലും പങ്കെടുക്കാന്‍ മെഡിക്കൽ പ്രൊഫഷണലുകള്‍ക്ക്, കമ്പനികള്‍ വിമാന ടിക്കറ്റുകളോ ഹോട്ടല്‍ ബുക്കിംഗുകളോ സൗജന്യമായി നല്‍കരുത്. ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപഹാരങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവയും വിലക്കിയിട്ടുണ്ട്.

പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് റെഗുലേറ്ററി അതോരിറ്റിയുടെ അനുമതി ലഭിച്ച ശേഷം മാത്രമാണ് ഉല്‍പ്പന്നങ്ങളെ ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തേണ്ടത്. ഉല്‍പ്പന്നങ്ങളുടെ സൗജന്യ സാമ്പിളികള്‍ നല്‍കരുത്. അംഗീകാരം ലഭിക്കാതെ ഒരു ഉല്‍പ്പന്നങ്ങളിലും 'സുരക്ഷിതം' എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഉല്‍പ്പന്നമെന്ന പ്രചരണത്തിനും അനുമതിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

Related Articles
Next Story
Videos
Share it