

അര്‍ധരാത്രി നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ലക്ഷ്യമിട്ടത് പാക് ഭീകരകേന്ദ്രങ്ങളെന്ന് ഇന്ത്യന്‍ സൈന്യം വാര്‍ത്താ സമ്മേളനത്തില്‍. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണമെന്ന് കേണല്‍ സോഫിയാ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി അളന്നുമുറിച്ചതും പ്രകോപനപരമല്ലാത്തതും ആനുപാതികവുമായ ആക്രമണമാണ് നടത്തിയത്. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയില്‍ ആക്രമണം നടത്തിയ അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്‌ലി തുടങ്ങിയ ഭീകരര്‍ക്ക് പരിശീലനം നല്‍കിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് തകര്‍ത്തത്. ഒമ്പത് കേന്ദ്രങ്ങള്‍ തകര്‍ത്ത വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിരവധി ഭീകരകേന്ദ്രങ്ങളാണ് പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്തത്. ഇവയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തിയത്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അളന്നുമുറിച്ചുള്ള ആക്രമണമാണ് പാക്കിസ്ഥാനില്‍ നടത്തിയത്. കൊല്ലപ്പെട്ടത് ഭീകരര്‍ മാത്രമാണ്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ല. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരുന്നു ആക്രണം. ഇതിന് പാക്കിസ്ഥാന്‍ പ്രത്യാക്രമണത്തിന് മുതിരരുത്. അങ്ങനെ വന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്.
1971ന് ശേഷം കര-വ്യോമ-നാവിക സേനകള്‍ സംയുക്തമായി നടത്തിയ ആദ്യ പ്രത്യാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ബുധനാഴ്ച പുലര്‍ച്ചെ 1.05നാണ് ആക്രമണം ആരംഭിച്ചത്. 25 മിനിറ്റോളം നീണ്ടുനിന്നു. ഹാമര്‍ ബോംബുകളും സ്‌കാല്‍പ് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണ് ഇന്ത്യ ഉപയോഗിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് മിസ്‌റി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്വന്തം മണ്ണില്‍ നിന്നും ഇത്രയും ഭീകരവാദികള്‍ പ്രവര്‍ത്തിച്ചിട്ടും പാക്കിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ല. റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നൊരു സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റത്. ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള സംഘടനയാണിത്. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധം കൃത്യമാണ്. സംഭവത്തിന് ശേഷം പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ചെറുവിരല്‍ പോലും അനക്കിയില്ല. ഇന്ത്യക്കെതിരെ തുടര്‍ ആക്രമണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നടത്തിയ പ്രത്യാക്രമണം വിശദീകരിക്കാന്‍ എത്തിയത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരാണെന്നതും ശ്രദ്ധേയമായി. 18 വിദേശരാജ്യങ്ങള്‍ പങ്കെടുത്ത സൈനികാഭ്യാസത്തില്‍ 40 അംഗ ഇന്ത്യന്‍ സംഘത്തെ നയിച്ച വനിതയാണ് സോഫിയ ഖുറേഷി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഉദ്യോഗസ്ഥയും. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായ സോഫിയ ഗുജറാത്തുകാരിയാണ്. സൈന്യത്തില്‍ ചേരണമെന്ന് ചെറിയ പ്രായത്തില്‍ തന്നെ സ്വപ്‌നം കണ്ട ഉദ്യോഗസ്ഥയാണ് വ്യോമിക സിംഗ്. ഇന്ത്യന്‍ വ്യോമസേനയിലെ മികച്ച പൈലറ്റായ വ്യോമിക രാജ്യത്ത് നടന്ന നിരവധി രക്ഷാദൗത്യത്തിലും പങ്കെടുത്തിട്ടുണ്ട്. നിരവധി അമ്മമാരുടെ കണ്ണീര് വീണ പെഹല്‍ഗാം ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കിയത് എങ്ങനെയെന്ന് ലോകത്തോട് വിശദീകരിക്കാന്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരെ തന്നെ തിരഞ്ഞെടുത്തത് പ്രതീകാത്മകം കൂടിയാണെന്നാണ് വിലയിരുത്തല്‍.
The Indian government said it exercised its sovereign right to respond to terrorism through Operation Sindoor, targeting cross-border terror camps.
Read DhanamOnline in English
Subscribe to Dhanam Magazine