

പാകിസ്ഥാനുമായുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് പോകുന്നതിനിടെ അടിയന്തര സാഹചര്യം നേരിടാന്‍ കരുതി രാജ്യം. ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പെട്രോളിയം എന്നിവ ആവശ്യത്തിന് കരുതിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
പുറത്തുനിന്നുള്ള എല്ലാ വിതരണവും നിലച്ചാലും 70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ കരുതിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണക്കമ്പനികളുടെ പക്കല്‍ 60-64 ദിവസം വരെ ഉപയോഗിക്കാന്‍ പാകത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ സ്റ്റോക്കുണ്ട്. ഇതിന് പുറമെ ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരത്തില്‍ (Strategic Petroleum Reserves) പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തിലുള്ള സ്റ്റോക്കും നിലവിലുണ്ട്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതോടെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ ചില രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. എന്നാല്‍ 2025ന്റെ തുടക്കത്തിലെ കണക്കുകള്‍ അനുസരിച്ച് 40 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. ഇതിനൊപ്പം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ സ്റ്റോക്കുണ്ടെന്നും വിതരണ ശൃംഖല ശക്തമാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. പരിഭ്രാന്തരായി പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങേണ്ട സാഹചര്യം നിലവിലില്ല. പെട്രോളും പാചക വാതകവും രാജ്യത്തിന്റെ എല്ലായിടത്തും ആവശ്യത്തിന് ലഭ്യമാണ്. ആളുകള്‍ അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്നും കോര്‍പറേഷന്‍ അറിയിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം.
അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഇന്ത്യയുടെ പെട്രോളിയം കരുതല്‍ ശേഖരമാണിത്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിയന്ത്രണം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. അടുത്ത മൂന്ന് സ്ഥലങ്ങളില്‍ കൂടി പെട്രോളിയം കരുതല്‍ ശേഖരം ഒരുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം, 90 ദിവസത്തെയെങ്കിലും ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരം സൂക്ഷിക്കണമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശം.
കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം രാജ്യത്ത് അരിയും ഗോതമ്പും ഉള്‍പ്പെടെ 66.17 മില്യന്‍ ടണ്‍ ധാന്യമാണുള്ളത്. കഴിഞ്ഞ സീസണില്‍ പഞ്ചസാര ഉത്പാദനം 18 ശതമാനം കുറവായിരുന്നു. നിലവില്‍ 5.4 മില്യന്‍ ടണ്‍ പഞ്ചസാര രാജ്യം കരുതിയിട്ടുണ്ട്. ഇക്കൊല്ലത്തെ പഞ്ചസാര സീസണ്‍ ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. സീസണ്‍ കഴിഞ്ഞാലും രണ്ട് മാസത്തേക്ക് കൂടി ഉപയോഗിക്കാന്‍ നിലവിലെ സ്‌റ്റോക്ക് മതിയാകും.
പരിപ്പ്, കടല തുടങ്ങിയ പയറ് വര്‍ഗങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. 1.6-1.7 മില്യന്‍ ടണ്‍ ഭക്ഷ്യ എണ്ണയും രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ട്. സാധാരണ ഒരു മാസത്തെ സ്‌റ്റോക്ക് സൂക്ഷിക്കാറുണ്ടെങ്കിലും നിലവില്‍ 20-25 ദിവസത്തേക്ക് മാത്രമേ ബാക്കിയുള്ളൂ. അടുത്ത ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
India boosts strategic readiness with robust grain and fuel stockpiles, ensuring crisis resilience amid rising geopolitical tensions.
Read DhanamOnline in English
Subscribe to Dhanam Magazine