

ക്ഷയരോഗം നേരത്തെ കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് കാണ്‍പൂര്‍ ഐ.ഐ.ടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ICMR). പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ഉപകരണം കൂടുതല്‍ കാര്യക്ഷമവും വിദേശ ഉപകരണങ്ങളെ അപേക്ഷിച്ച് ചിലവു കുറഞ്ഞതുമാണ്. ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.രാജീവ് ബഹിയാണ് പുതിയ കണ്ടെത്തലിനെ കുറിച്ച് വെളിപ്പെടുത്തിയത്. കൊണ്ടു നടക്കാവുന്ന എക്‌സ്‌റെ മെഷീന്‍ ഉപയോഗിച്ച് പരിശോധന നടത്താം. വീടുകളിലെത്തി പരിശോധിക്കാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ കണ്ടെത്തൽ ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പൊതു ആരോഗ്യ സംരക്ഷണത്തില്‍ ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഡോ. രാജീവ് ബഹി പറഞ്ഞു.
എംപോക്‌സിന് ടെസ്റ്റിംഗ് കിറ്റ്, ഡെങ്കിക്ക് വാക്‌സിന്‍
എംപോക്‌സ് കണ്ടെത്തുന്നതിനുള്ള ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇത് മൂന്ന് കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയിലെ കണ്ടെത്തലുകളില്‍ ഇതും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അരിവാള്‍ രോഗം കണ്ടെത്തുന്നതിനുള്ള 18 പുതിയ പരിശോധനാ രീതികളും ഐ.സി.എം.ആര്‍ വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ 400 രൂപ ചിലവ് വരുന്ന പരിശോധന ഇതോടെ 30 രൂപയായി കുറയും. 2047 ഓടെ ഇന്ത്യയില്‍ അരിവാള്‍ രോഗം ഉന്മൂലനം ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്. ലോകത്ത് അരിവാള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഡെങ്കി പനിക്കെതിരെ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നും ഡോ.രാജീവ് ബഹി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine