

ബിഹാറിനും ഒഡീഷയ്ക്കും പിന്നാലെ മറ്റൊരു സംസ്ഥാനത്ത് കൂടി വലിയ തോതില്‍ സ്വര്‍ണശേഖരം കണ്ടെത്തി. ഇത്തവണ സ്വര്‍ണം മാത്രമല്ല ആധുനികകാലത്ത് വലിയ മൂല്യമുള്ള ലിഥിയത്തിന്റെ സാന്നിധ്യവും ഉറപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് ഇവ കണ്ടെത്തിയത്. റായ്ച്ചൂര്‍ മേഖലയിലാണ് ലിഥിയത്തിന്റെ സാന്നിധ്യം വ്യക്തമായത്.
സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നടത്തിയ പര്യവേഷണത്തിലാണ് സ്വര്‍ണത്തിന്റെയും ലിഥിയത്തിന്റെ സാന്നിധ്യം വ്യക്തമായത്. പക്ഷേ വലിയൊരു പ്രശ്‌നമുണ്ട്. ഇവ കണ്ടെത്തിയത് സംരക്ഷിത വനമേഖലയിലാണ്. ഇവിടെ ഖനനം അടക്കമുള്ള യാതൊരു പ്രവര്‍ത്തികളും ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല.
65 ബ്ലോക്കുകളിലായി ആറുലക്ഷം ഹെക്ടര്‍ വിസ്തൃതിയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുള്ളത്. കൊപ്പലിലെ അമ്രപൂര്‍ ബ്ലോക്കില്‍ ഒരു ടണ്ണില്‍ 14 ഗ്രാം സ്വര്‍ണത്തിന്റെ സാന്നിധ്യമുള്ളതായാണ് വിലയിരുത്തല്‍. ഒരു ടണില്‍ നിന്ന് 2-3 ഗ്രാം സ്വര്‍ണം ലഭിക്കുകയാണെങ്കില്‍ വ്യവസായികമായി ഖനനം ലാഭകരമാണെന്നാണ് കണക്ക്. കൊപ്പലില്‍ 12-14 ഗ്രാം വരെയുള്ളത് ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്. അസാധാരണ രീതിയില്‍ ഇവിടെ സ്വര്‍ണസാന്നിധ്യമുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
അനുമതികള്‍ ലഭിച്ച് ഖനനം തുടങ്ങുകയാണെങ്കില്‍ 1,00,000 ടണ്‍ ഖനിയില്‍ നിന്ന് പ്രതിദിനം 25-30 കിലോഗ്രാം സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇന്നത്തെ വിലയില്‍ ഇതിന് 18-22 കോടി രൂപ വരും.
ഈ മേഖലയില്‍ അനധികൃതമായി സ്വര്‍ണം ഖനനം നടക്കുന്ന സംഘങ്ങളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. അനധികൃത ഖനനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തങ്ങള്‍ക്ക് ഖനനത്തിന് അനുമതി നല്കണമെന്നാണ് കര്‍ണാടക ജിയോളജി വകുപ്പിന്റെ ആവശ്യം.
കര്‍ണാടകയില്‍ ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നത്. അപൂര്‍വ ധാതു കണ്ടെത്തിയ റായ്ച്ചൂര്‍ മേഖലയും സംരക്ഷിത വനപ്രദേശമാണ്. ഇവിടെയും ഖനനം നടത്തുക എളുപ്പമല്ല. മുമ്പ് ജമ്മു കശ്മീരിലും ഛത്തീസ്ഗഡിലുമാണ് ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്.
ഈ ലിസ്റ്റിലേക്കാണ് കര്‍ണാടകയും വരുന്നത്. സ്റ്റേജ്-1 വിഭാഗത്തില്‍പ്പെട്ട വനമേഖലയില്‍ ഖനനം ഉള്‍പ്പെടെ എന്ത് കാര്യത്തിനും വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. മന്ത്രാലയ അനുമതി ലഭിച്ചാല്‍ പോലും ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അനുമതി നിഷേധിക്കപ്പെടും.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് 2023ല്‍ 5.9 ദശലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ലോകത്ത് ലിഥിയത്തിന്റെ 90 ശതമാനവും ചൈന, ചിലി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. വൈദ്യുത വാഹന ബാറ്ററികളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ലിഥിയം.
നിലവില്‍ ലിഥിയം ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. 2020-21 വര്‍ഷത്തില്‍ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹനവിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine